പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനൊപ്പം സുരക്ഷയ്ക്കും കൃത്യമായ ക്രമീകരണങ്ങളുമായി പൊലീസ്. സുരക്ഷയുടെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ 76 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് (76 CCTV cameras installed in Sabarimala route). ഈ ദൃശ്യങ്ങൾ സന്നിധാനത്തെ പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കും.
ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി എസ് ഐ ഉൾപ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥരെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങൾ എഡിജിപി ഓഫിസ്, എസ് പി ഓഫിസ്, കലക്‌ടറേറ്റ്, പമ്പ പൊലീസ് കൺട്രോൾ റൂം എന്നിവിടങ്ങളിലും തത്സമയം നിരീക്ഷിക്കാനാകും. സന്നിധാനത്തേക്ക് എത്തുന്നവരുടെ ബാഗുകൾ ഉൾപ്പെടെ പരിശോധിക്കാൻ മൂന്നു സ്‌കാനറുകൾ, തെർമൽ ഇമേജിങ് ക്യാമറ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പമ്പ മുതൽ സന്നിധാനം വരെ വിവിധ കേന്ദ്രങ്ങളിലായി 22 മെറ്റൽ ഡിറ്റക്‌ടറുകളും സ്ഥാപിച്ചിട്ടുണ്ട്.
വിവിധ ഇടങ്ങളിലായി 34 അംഗ ബോംബ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. ശബരിമലയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ള പൊലീസുകാർക്കു പുറമേ കേന്ദ്രസേനയും രംഗത്തുണ്ട്. അധികസുരക്ഷയ്ക്കായി 127 അംഗ സി ആർ പി എഫ്, 60 അംഗ എൻ ഡി ആർ എഫ്, 13 അംഗ കമാൻഡോ തുടങ്ങിയ കേന്ദ്ര സേനകളെയാണ് നിയോഗിച്ചിട്ടുള്ളത്.
10 ഡി വൈ എസ് പിമാരുടെ നേതൃത്വത്തിൽ 10 ഡിവിഷനുകൾ തിരിച്ചാണ് ശബരിമലയിൽ പൊലീസിന്‍റെ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. 35 ഇൻസ്‌പെക്‌ടർമാർ, 105 എസ് ഐ/എ എസ് ഐമാർ എന്നിവരെയും 10 ഡിവിഷനുകളിൽ നിയോഗിച്ചിട്ടുണ്ട്.