തിരുവനന്തപുരം: പതിനെട്ടുകാരിയെ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാക്കി സി.പി.ഐ. ചിപ്പി എസ്.എസ് എന്ന രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റിക്കു കീഴിലെ ശ്രീപാദപുരം ബ്രാഞ്ചിന്‍റെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്.
തുമ്പ സെന്‍റ് സേവിയേഴ്സ് കോളജിലെ ബി.കോം ടാക്സേഷൻ വിദ്യാർഥിയാണ് ചിപ്പി. പ്ലസ് ടു കാലം മുതൽ എ.ഐ.എസ്.എഫ് പ്രവർത്തകയാണ് ചിപ്പി. പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം അപ്രതീക്ഷിതമായിരുന്നുവെന്നും അതേസമയം ഗൗരവത്തോടെ ഈ വലിയ ദൗത്യം ഏറ്റെടുക്കുന്നുവെന്നും ചിപ്പി ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
Also Read: എകെജി സെന്‍ററിലെ എൽകെജി കുട്ടി; വിമർശനങ്ങൾക്ക് ശക്തമായ മറുപടി നൽകി ആര്യ രാജേന്ദ്രൻ
ചിപ്പിയുടെ പിതാവ് ഷിബു നേരത്തെ ഇതേ ബ്രാഞ്ചിന്‍റെ സെക്രട്ടറിയായിരുന്നു. ' പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറിയ പ്രായത്തിൽ വലിയ ഉത്തരവാദിത്തത്തിൽ എത്തിയതിന്‍റെ ഭയമില്ല. ഈ തീരുമാനത്തെ വിമർശിച്ചവരുണ്ട്. ചുമതലകളിലിരുന്നു തന്നെയാണ് എല്ലാവരും മികവു തെളിയിക്കുന്നതെന്നാണ് അവരോടുള്ള മറുപടി.
കൂടുതൽ യുവാക്കളെ പാർട്ടിയിലെത്തിക്കുകയാണ് ലക്ഷ്യം. തന്‍റെ പ്രവർത്തനമികവും താൽപര്യവും കണ്ടാണ് പാർട്ടി ചുമതലയേൽപ്പിച്ചത്. അത് കൃത്യമായി നിർവഹിക്കും'. ചിപ്പി ഇടിവി ഭാരതിനോട് വ്യക്തമാക്കി.