പത്തനംതിട്ട: ഹിന്ദുമത മഹാമണ്ഡലത്തിന്‍റെ ആഭിമുഖ്യത്തിൽ അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് സംഘടിപ്പിക്കുന്ന നൂറ്റിയെട്ടാമത് ഹിന്ദു മത പരിഷത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി. 1008 അമ്മമാർ മുഖ്യ കാർമികത്വം വഹിച്ച ഗണപതി ഹോമത്തോടെയാണ് പരിഷത്ത് ആരംഭിച്ചത്. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്‍റ് പി.എസ്. നായർ 108-ാമത് ഹിന്ദു മത പരിഷത്തിന്‍റെ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഹിന്ദു മത പരിഷത്ത് ഉദ്ഘാടനം ചെയ്‌തത് മഹാരാഷ്‌ട്ര കോലാപൂർ കനേരി മഠാധിപതി സ്വാമി അദ്യശ്യ കാട് സിദ്ധേശ്വരയായിരുന്നു.
നൂറ്റിയെട്ടാമത് ഹിന്ദു മത പരിഷത്തിന് അയിരൂർ പമ്പാ മണൽപ്പുറത്ത് തുടക്കമായി - Ayiroor
നൂറ്റിയെട്ടാമത് ഹിന്ദു മത പരിഷത്തിന്‍റെ ഉദ്‌ഘാടനം മഹാരാഷ്‌ട്ര കോലാപൂർ കനേരി മഠാധിപതി സ്വാമി അദൃശ്യ കാട് സിദ്ധേശ്വര നിര്‍വഹിച്ചു
വിദേശ ശക്തികൾ അധിനിവേശം നടത്തിയിട്ടും ഭാരത സംസ്‌കാരം നശിക്കാതെ നിലനിൽക്കുന്നത് സനാതന ധർമത്തിന്‍റെ മഹത്വം കൊണ്ടാണെന്നും അന്യധർമ്മത്തെ നിന്ദിക്കുന്നവരല്ല ഹൈന്ദവർ എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കുളത്തുർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. അഷ്‌ടോത്തര ശത പരിഷത്തിന്‍റെ ഭാഗമായി ഹിന്ദുമത മഹാമണ്ഡലം ഈ വർഷം മുതൽ നടപ്പാക്കുന്ന നവ സേവാ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച ഹിന്ദു മത പരിഷത്തിന്‍റെ സമാപനം ഈ മാസം ഒമ്പതാം തിയതിയാണ്.