പാലക്കാട്: മയക്കുമരുന്നുമായി പാലക്കാട് വാളയാറിൽ യുവാവ് പിടിയിലായി. പട്ടാമ്പി സ്വദേശി സുഹൈൽ (25) ആണ് പിടിയിലായത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പാലക്കാട് എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ എ രമേശിന്‍റെ നേതൃത്വത്തിലുള്ള എഇസി സ്‌ക്വാഡും, പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ് ടീമും സംയുക്തമായി കോയമ്പത്തൂർ - പാലക്കാട് ഹൈവേയിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തിലേക്ക് പോകുകയായിരുന്ന ബസിലാണ് സുഹൈല്‍ മയക്കുമരുന്ന് കടത്തിയത്. അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍ - മയക്കുമരുന്ന്
ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിലാണ് സുഹൈല്‍ മയക്കുമരുന്ന് കടത്തിയത്
ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതെന്നും പ്രതി ഇതിനു മുൻപും ഇത്തരത്തിൽ വൻ തോതിൽ മയക്കു മരുന്ന്, കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കൾ എന്നിവ കടത്തിയിട്ടുണ്ടെന്നുമാണ് എക്‌സൈസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എറണാകുളത്തെ നിശാപാർട്ടികളിലും ഡിജെ പാർട്ടികളിലും മറ്റും വിതരണം നടത്തുന്നതിനാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സമ്മതിച്ചു.
ബംഗളൂരുവിലേതിന് സമാനമായി കൊച്ചിയും മയക്കുമരുന്നിന്‍റെ ഹബ്ബായി മാറികൊണ്ടിരിക്കുകയാണെന്ന് സംശയിക്കുന്നതായും അടുത്ത കാലത്തായി ഇത്തരത്തിലുള്ള മാരക മയക്കുമരുന്നുകൾ വൻ തോതിൽ കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നുമാണ് എക്‌സൈസ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ പിടികൂടുന്ന മൂന്നാമത്തെ മയക്കുമരുന്ന് കേസാണിത്.