പാലക്കാട്: ഉഗ്രവിഷമുള്ള പാമ്പായ അണലിയെ പലര്‍ക്കും പേടിയാണെങ്കിലും പെരുമുടിയൂർ കുന്നതോടി വീട്ടിലെ ഷാജുവിനും കുടുംബത്തിനും ഏറെ പ്രിയപ്പെട്ടതാണ് ഈ പാമ്പ്. ഷാജുവിന്‍റെ വീട്ടുമുറ്റത്ത് ഈ 'അണലി' ഒരു നിത്യകാഴ്‌ചയാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ പേടിപ്പെടുത്തുന്ന ഈ പാമ്പിൻ രൂപം ഷാജുവിന്‍റെ കരവിരുതിൽ വിരിഞ്ഞ ശില്‍പമാണെന്ന് വിശ്വസിക്കാൻ ആദ്യനോട്ടത്തിൽ ബുദ്ധിമുട്ടാണ്. തേക്കിന്‍റെ ഒറ്റതടിയിലാണ് ഷാജു എന്ന കലാകാരൻ അണലിയുടെ ശിൽപം നിർമിച്ചത്. ഒരാഴ്‌ച കൊണ്ട് നിർമാണം പൂർത്തിയാക്കിയ ഈ ശില്‍പത്തിന്‍റെ ഫോട്ടോ ഷാജുവിന്‍റെ അനിയനും ജനമൈത്രി ബീറ്റ് ഓഫീസറുമായ ഷിജിത്ത് തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ ഷാജുവും അണലിയും വൈറലായി.
ഷാജുവിന്‍റെ വീട്ടുമുറ്റത്തെ പ്രിയപ്പെട്ട 'അണലി' - പെരുമുടിയൂർ കുന്നതോടി
ഒറ്റത്തടിയിൽ കൗതുക ശില്‍പങ്ങൾ നിർമിച്ച് ശ്രദ്ധേയനാവുകയാണ് പട്ടാമ്പി പെരുമുടിയൂർ സ്വദേശി ഷാജു
ഷാജുവിന്‍റെ വീട്ടുമുറ്റത്തെ പ്രിയപ്പെട്ട 'അണലി'
ഷാജുവിന്‍റെ ഒഴിവുവേളകളിലെ ശിൽപനിർമാണത്തിന് പിന്തുണ നല്‍കികൊണ്ട് അച്ഛൻ കുമാരനും അനിയൻ ഷിജിത്തും കുടുംബാംഗങ്ങളുമെല്ലാം ഒപ്പമുണ്ട്. ചെറുപ്പത്തില്‍ തന്നെ കൊത്തുപണിയിൽ താല്‍പര്യമുണ്ടായിരുന്നെങ്കിലും മുപ്പത് വയസ് മുതലാണ് ശില്‍പനിർമാണത്തിൽ ഷാജു പരീക്ഷണം ആരംഭിച്ചത്. പരീക്ഷിച്ചതെല്ലാം പിന്നീട് മികവാർന്ന ശിൽപങ്ങളായി മാറുകയായിരുന്നു. മികച്ചൊരു ചിത്രകാരൻ കൂടിയായ ഷാജു, അണലി ശില്‍പത്തിന് പുറമെ അരയന്നവും ജിറാഫും സ്ത്രീ ശില്‍പങ്ങളുമെല്ലാം ഒറ്റതടിയിൽ നിര്‍മിച്ചിട്ടുണ്ട്.
Last Updated : Mar 21, 2020, 9:35 PM IST