പാലക്കാട്:കടുത്ത വേനലിൽ കാടിനകത്തെ ജലസ്രോതസ്സുകൾ വറ്റി വരളുന്നത് കാട്ടാനകൾ വ്യാപകമായി കാടിറങ്ങുന്നതിന് കാരണമാകുന്നു. പാലക്കാട് അട്ടപ്പാടി, കാഞ്ഞിരപ്പുഴ മേഖലകളിലാണ് വ്യാപകമായി കാട്ടാനകൾ കാടിറങ്ങുന്നത്.
കാട്ടാനകൾ കാടിറങ്ങുന്നു; പൊറുതിമുട്ടി ജനങ്ങൾ
കാട്ടാനകളുടെ ആക്രമണത്തിൽ ആറു പേരാണ് ഈ വർഷം ഇതുവരെ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾ വേറെയും
രണ്ട് മാസങ്ങൾക്ക് മുമ്പാണ് വേനലിനെ നേരിടുന്നതിനായി വനത്തിനകത്ത് ബ്രഷ് വുഡ് തടയണകൾ നിർമിച്ച് ജലസംഭരണത്തിനുള്ള പദ്ധതി വനം വകുപ്പ് നടപ്പിലാക്കിയത്. എന്നാൽ, കുറഞ്ഞ അളവിൽ മഴ ലഭിച്ചതും മറ്റും പദ്ധതിയെ പുറകോട്ടടിക്കുന്നതിന് കാരണമായി. ഇതോടെ കുടിനീരിനായി വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങി. കാട്ടാനകളുടെ ആക്രമണത്തിൽ ആറു പേരാണ് ഈ വർഷം ഇതുവരെ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾ വേറെയും.
മുമ്പെല്ലാം ഇരുട്ടിയാൽ മാത്രമായിരുന്നു ആനകൾ പുറത്തിറങ്ങിയിരുന്നത്. എന്നാൽ, ഇപ്പോൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ പുറത്തിറങ്ങുന്നു. എത്രയും വേഗം വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്കും കൃഷി സ്ഥലങ്ങളിലേക്കും ഇറങ്ങുന്നത് തടയാനാവശ്യമായ സംവിധാനം നടപ്പിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.