പാലക്കാട് :അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ രണ്ട് സ്ഥലങ്ങളിൽ കാട്ടാനയിറങ്ങി. ചിണ്ടക്കിയിലെത്തിയ ഒറ്റയാന്‍ ജീപ്പ് ആക്രമിച്ചു. ജീപ്പിലുണ്ടായിരുന്ന ഏഴുപേർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുക്കാലിയിൽ നിന്ന് നാല് വിദ്യാർഥികളടക്കം യാത്രക്കാരുമായി വന്ന ജീപ്പാണ് കാട്ടാനയുടെ മുമ്പില്‍ അകപ്പെട്ടത്. ഒറ്റയാനെ കണ്ട് ഡ്രൈവർ ചാത്തൻ പുറകോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും കാട്ടാന പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. വാഹനം കൊമ്പുകൊണ്ട് കുത്തിമറിച്ചിട്ട് കാട്ടാന വീണ്ടും ആക്രമണം തുടര്‍ന്നു. ഈ സമയം ജീപ്പിലുണ്ടായിരുന്നവർ അലറി ബഹളമുണ്ടാക്കിയതോടെ കാട്ടാന തിരിച്ചുപോവുകയായിരുന്നു.
തുടര്‍ന്ന് അൽപ്പം മാറി നിലയുറപ്പിച്ച കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തിയ ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞത്. കൽക്കണ്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി ഇവരെ തിരിച്ച് ഊരിലെത്തിക്കുകയായിരുന്നു. ചാലക്കുടിയിൽ ഹോസ്‌റ്റലിൽ പഠിക്കുന്ന ആദിവാസി വിദ്യാർഥികളെ ക്ലാസ് കഴിഞ്ഞ് ഊരുകളിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനായി പോയ ജീപ്പാണ് തിരിച്ച് വരുമ്പോൾ കാട്ടാന ആക്രമിച്ചത്.
വെള്ളമാരിയിൽ ഭവാനി പുഴ കടന്നെത്തുന്ന കാട്ടാനകൾ :ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് അട്ടപ്പാടി വെള്ളമാരിയിൽ ഏഴംഗ കാട്ടാനക്കൂട്ടം സ്വകാര്യ റിസോർട്ടിലെത്തിയത്. മൂന്ന് കുട്ടികളുമുള്ള കാട്ടാനക്കൂട്ടം മാസങ്ങളായി ഈ പ്രദേശത്ത് നാശം വിതയ്ക്കുകയാണ്. ഈ കാട്ടാനക്കൂട്ടം വ്യാഴാഴ്‌ച പകലും വെള്ളമാരിയിലെത്തിയിരുന്നു. നാട്ടുകാർ പടക്കം പൊട്ടിച്ച് തുരത്തിയിരുന്നെങ്കിലും രാത്രി കാട്ടാനക്കൂട്ടം തിരിച്ചെത്തുകയായിരുന്നു. തമിഴ്‌നാട് വനമേഖലയിൽ നിന്നാണ് കാട്ടാനക്കൂട്ടമെത്തുന്നത്. അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടത്തിനൊപ്പം വിവിധ പ്രദേശങ്ങളിൽ ഒറ്റയാൻമാരും നാശം വിതയ്ക്കുകയാണ്.