പാലക്കാട്:വിളവെടുക്കാറായ നെൽപാടത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിൽ. പട്ടാമ്പി കൊടലൂർ പാടശേഖരത്താണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടാകുന്നത്. അതോടൊപ്പം നെല്ല് കൊയ്യാൻ മെഷീൻ ലഭിക്കാത്തതും തൊഴിലാളികളുടെ ലഭ്യതക്കുറവും കർഷകരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.
കാട്ടുപന്നി ശല്യം രൂക്ഷം; നെല്ല് കർഷകർ ദുരിതത്തിൽ - pattambi farmers
കമ്പി വേലി കെട്ടി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാട്ടുപന്നികളെ പ്രതിരോധിക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
പാടശേഖരത്തിലെ 30 ഏക്കറോളം സ്ഥലത്താണ് ഒന്നാം വിള നെൽകൃഷി ഉള്ളത്. അടുത്ത ആഴ്‌ച കൊയ്യാൻ പാകമായ കതിരുകളാണ് ഇവയെല്ലാം. വർഷങ്ങളായി പ്രദേശത്തെ കൃഷിയിൽ പന്നി ശല്യം ഉണ്ടെങ്കിലും നെല്ല് കൊയ്യാറാവുമ്പോൾ പന്നികൾ ആക്രമിക്കുന്നത് വലിയ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. കൂട്ടത്തോടെ എത്തുന്ന പന്നികൾ നെൽക്കതിരുകൾ നശിപ്പിക്കുന്നത് വിളവെടുപ്പിനെ സാരമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. കമ്പി വേലി കെട്ടി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇവയൊന്നും ഫലം കണ്ടില്ല. പാട്ടത്തിനും ബാങ്കിൽ നിന്നും വായ്‌പയെടുത്തുമാണ് കൊടലൂരിൽ കൃഷി ഇറക്കുന്നത്. ഈ സാഹചര്യത്തിൽ പന്നി ശല്യം മൂലം ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾക്ക് സർക്കാരിൽ നിന്നും യാതൊരു സഹായവും നടപടികളും ഉണ്ടാകുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.