പാലക്കാട്:രൂക്ഷമായ കാട്ടുപന്നി ശല്യത്തെ തുടർന്ന് പാലക്കാട് വിളയൂരിലെ കർഷകർ ദുരിതത്തിൽ. പാടത്തെ നെല്ലും പറമ്പിലെ കാർഷിക വിളകളും പന്നികളെത്തി നശിപ്പിക്കുന്നത് പതിവായതോടെ കടുത്ത നിരാശയിലും സാമ്പത്തിക നഷ്ടത്തിലുമാണ് കർഷകർ.
കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് വിളയൂരിലെ കർഷകർ
രാത്രികാലങ്ങളിലാണ് പന്നിയുടെ ആക്രമണം ഉണ്ടാകുന്നത്. പാടത്തും വീട്ടു പറമ്പിലും ഒരു പോലെ നാശം ഉണ്ടാക്കുന്നുണ്ട് ഇവ
പാലക്കാട് വിളയൂർ പഞ്ചായത്തിലെ എസ്‌ജി നഗർ പ്രദേശത്തെ കർഷകരാണ് കാട്ടുപന്നികളുടെ ശല്യത്താൽ ദുരിതത്തിലായിരിക്കുന്നത്. രാത്രികാലങ്ങളിലാണ് പന്നിയുടെ ആക്രമണം ഉണ്ടാകുന്നത്. പാടത്തും വീട്ടു പറമ്പിലും ഒരു പോലെ നാശം ഉണ്ടാക്കുന്നുണ്ട് ഇവ. കഴിഞ്ഞ ദിവസം രാത്രി വിളയൂർ എസ്‌ജി നഗർ സ്വദേശി ഉമ്മറിന്‍റെ വിളവെടുക്കുവാൻ പാകമായിക്കൊണ്ടിരിക്കുന്ന നെൽകൃഷിയാണ് കാട്ടുപന്നികൾ കൂട്ടമായി വന്നു നശിപ്പിച്ചത്.
നെൽകൃഷിക്ക് പുറമെ ചേന, കൂർക്ക തുടങ്ങിയ മറ്റു വിളകളും കാട്ടുപന്നികൾ നശിപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി പ്രദേശത്ത് ഈ ദുരവസ്ഥ തുടരുന്നുണ്ട്. രണ്ടര ഏക്കര്‍ കൃഷിയിടത്തില്‍ കാട്ടുപന്നികൾ കൂട്ടം കൂട്ടമായി വരുന്നതുകാരണം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രദേശവാസികൾ രാത്രിയിൽ പുറത്തിറങ്ങുവാൻ പോലും ഭയപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് എത്രയും വേഗം അധികൃതർ പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.