പാലക്കാട്:നാട് വിറപ്പിച്ചു മടങ്ങിയ കാട്ടാനക്കൂട്ടത്തിന് പിന്നാലെ വാളയാർ വനയോരമേഖലയെ ഭീതിയിലാക്കി കാട്ടുപോത്തും. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജനവാസമേഖലയോടു ചേർന്നു റെയിൽവേ ട്രാക്ക് പരിസരത്ത് തമ്പടിച്ച കാട്ടുപോത്ത് ഏതു നിമിഷവും അക്രമകാരിയാകുമെന്ന പേടിയിലാണ് പ്രദേശവാസികള്‍.
കഴിഞ്ഞ മൂന്ന് ദിവസമായി മലബാർ സിമന്‍റ്സ് പരിസരത്ത് ചുറ്റിക്കറങ്ങുന്ന പോത്തിനു മുന്നിൽ കുടുങ്ങിയ തൊഴിലാളികളിൽ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാളയാർ ഉൾവനത്തിൽ നിന്നെത്തിയ കാട്ടുപോത്ത് ഇടയ്ക്ക് ട്രാക്കിലേക്കു കയറിയെത്തുമെങ്കിലും ട്രെയിൻ ശബ്ദം കേട്ട് വിരണ്ട് വീണ്ടും കുറ്റിക്കാട്ടിലേക്കു കയറുന്ന സ്ഥിതിയാണ്.
Also Read: പാലക്കാട് ആളൊഴിഞ്ഞ വീട്ടിൽ പുലിക്കുഞ്ഞുങ്ങൾ
വിറളി പൂണ്ട കാട്ട് പോത്ത് ട്രാക്കിനു സമീപം നിലയുറപ്പിച്ചതോടെ വനംവകുപ്പിനോപ്പം റെയിൽവേയും ആശങ്കയിലാണ്. എപ്പോൾ വേണമെങ്കിലും ഇതു ട്രെയിനു മുന്നിലേക്കു അകപ്പെടാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ട്രെയിൻ വരുന്നതിനിടെ ട്രാക്കിലേക്കു കയറിയ കാട്ടുപോത്തിനെ ട്രാക്ക്‌മാനാണ് വിരട്ടി ഓടിച്ചത്.