പാലക്കാട്: ടാപ്പിങ് ജോലിക്കിടെ കാട്ടുപന്നിയുടെ കുത്തേറ്റ് ഒലിപ്പാറ സ്വദേശി മാണി മത്തായി കൊല്ലപ്പെട്ടതിന് പിന്നാലെ വനപാലര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. റബര്‍ ടാപ്പിങ്ങും കപ്പക്കൃഷിയും ഉപജീവന മാര്‍ഗമാക്കിയ കര്‍ഷകര്‍ പലരും വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ വന്നു പോകുന്നതല്ലാതെ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതിരിക്കാന്‍ വനപാലകര്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. വനാതിര്‍ത്തിയില്‍ സ്വന്തമായുള്ള കൃഷിയിടത്തിലെ വിളകളാണ് പല കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗം. നല്ല വിള കിട്ടിയാലും പന്നിയെടുത്തതിന്‍റെ ബാക്കി മാത്രമാണ് പലപ്പോഴും വില്‍പ്പനയ്ക്ക് കിട്ടുക. കാട്ടുപന്നിക്കൊപ്പം പുലിയും കാട്ടാനയും കരടിയുമെല്ലാം കര്‍ഷകരെ വലയ്ക്കുകയാണ്.