പാലക്കാട് : അപകടങ്ങളും മരണങ്ങളും തുടർക്കഥയാണ് വാളയാർ-വടക്കഞ്ചേരി ദേശീയ പാതയില്‍. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, അഗ്നിശമന സേന എന്നിവരുടെ കണക്ക് പ്രകാരം കഴിഞ്ഞ 8 മാസത്തിനിടെ 46 അപകടങ്ങളിലായി 13 പേർ കൊല്ലപ്പെട്ടു. 2022ലാണ് അപകടങ്ങളിലേറെയും നടന്നത്.
കഴിഞ്ഞ ദിവസം ദേശീയ പാത ചെടയൻ കാലായിൽ ലോറിയ്ക്ക് പുറകിൽ സ്‌കൂട്ടറിടിച്ച് എറണാകുളം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇരുചക്ര യാത്രക്കാരാണ് കൂടുതലും മരിച്ചത്. അമിത വേഗതയും അശ്രദ്ധയും ദേശീയ പാതയോരത്തെ അനധികൃത പാർക്കിംഗുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
ഒരാഴ്‌ച മുൻപ് നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശികളായ വ്യവസായികൾ മരിച്ചിരുന്നു. ദേശീയ പാതയിൽ ചില ഭാഗങ്ങളിൽ വേണ്ടത്ര തെരുവ് വിളക്കുകൾ ഇല്ലാത്തതും സർവീസ് റോഡുകൾ ഇല്ലാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. കഞ്ചിക്കോട് അഗ്നിശമന സേനയുടെ കണക്ക് പ്രകാരം ചെറുതും വലുതുമായ ഇരുപതിലേറെ വാഹനാപകടങ്ങൾ ഒരു മാസം സംഭവിക്കുന്നു.