പാലക്കാട്: വാളയാർ പീഡന കേസിലെ പ്രതികൾക്ക് ക്ലീൻ ചിറ്റ് നൽകിയ പൊലീസുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ ജനുവരി 13ന് ഏകദിന ഉപവാസം നടത്തും. മൂത്ത മകളുടെ നാലാം ചരമ വാർഷിക ദിനമായ ജനുവരി 13ന് അട്ടപ്പള്ളത്തെ സമരസമിതി പന്തലിൽ ഏകദിന ഉപവാസം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഏകദിന ഉപവാസം പാലക്കാട് എം.പി വി.കെ ശ്രീകണ്‌ഠൻ ഉദ്ഘാടനം ചെയ്യും.
ജനുവരി 13ന് ഏകദിന ഉപവാസം നടത്തുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
ഏകദിന ഉപവാസം പാലക്കാട് എം.പി വി.കെ ശ്രീകണ്‌ഠൻ ഉദ്ഘാടനം ചെയ്യും.
തന്‍റെ രണ്ട് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊന്നവരെ സംരക്ഷിച്ച സോജനടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ തൃപ്‌തരല്ല എന്നാണ് പെൺകുട്ടികളുടെ അമ്മ പറയുന്നത്. വാളയാർ കേസന്വേഷണത്തിനിടയിൽ പൊലീസ് മർദ്ദനം മൂലം ആത്മഹത്യ ചെയ്ത പ്രവീണിന്‍റെ അമ്മ എലിസബത്ത് റാണിയും മറ്റു നിരവധി സാമൂഹ്യ സാംസ്കാരിക നേതാക്കളും ഏകദിന ഉപവാസത്തിൽ പങ്കുചേരും. ജനകീയ സമ്മർദങ്ങളുടെ ഫലമായാണ് സർക്കാർ വാളയാർ പെൺകുട്ടികളുടെ കൂടെ നിൽക്കുന്നതെന്നും കേസ് സി.ബി.ഐയെ കൊണ്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
തുടക്കം മുതൽ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും അന്വേഷണത്തിനിടയിൽ പ്രവീൺ കൊല്ലപ്പെട്ടതും ഏറ്റവുമൊടുവിൽ ഒരു പ്രതി തന്നെ ആത്‍മഹത്യ ചെയ്തതുമായ സംഭവങ്ങൾ സി.ബി.ഐ. അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും വിചാരണകോടതിയിൽ ആവശ്യപ്പെടും.