പാലക്കാട്: വളാഞ്ചേരി പീഡനക്കേസിലെ പ്രതിയെ സംരക്ഷിച്ചുവെന്ന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി വി ടി ബല്‍റാം എംഎല്‍എ. കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭ കൗൺസിലറുമായ ഷംസുദ്ദീനെ മന്ത്രി കെ ടി ജലീൽ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് ബൽറാമിന്‍റെ ആരോപണം. എന്നാൽ ജലീൽ ആരോപണം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും സുഹൃത്ബന്ധത്തിന് പുതിയ തെളിവുകളുമായി ബൽറാം രംഗത്തെത്തിയിരിക്കുന്നത്. 2015 ൽ കെ ടി ജലീൽ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിനിടയില്‍ ഷസുദ്ദീന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച ബല്‍റാം പീഡോ ജലീല്‍ എന്ന പേര് വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്നെന്നും ഫേസ്ബുക്കില്‍ കുറിച്ചു. അഖിലേന്ത്യാ പര്യടനത്തിനിടയില്‍ ജലീലിന്‍റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത, പേഴ്സണൽ സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീൻ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യവും ബല്‍റാം ഉയര്‍ത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
നിയമസഭാ സമിതികളുടെ ഭാഗമായി രണ്ടര വർഷത്തിലൊരിക്കൽ എംഎൽഎമാർക്ക് കുടുംബസമേതം അഖിലേന്ത്യാ പര്യടനം അനുവദിച്ചിട്ടുണ്ട്. എംഎൽഎയുടെ ചെലവ് നിയമസഭയിൽ നിന്ന് എടുക്കും. കൂടെയുള്ള കുടുംബാംഗങ്ങളുടെ ചെലവ് അതത് എംഎൽഎ സ്വന്തം നിലക്ക് വഹിക്കണം. കുടുംബത്തേയാണ് സാധാരണ ഗതിയിൽ കൂടെ കൂട്ടുക എങ്കിലും ചിലപ്പോൾ എംഎൽഎക്ക് വളരെയധികം അടുപ്പമുള്ള സുഹൃത്തുക്കളേയോ പേഴ്സണൽ സ്റ്റാഫിനേയോ ചിലർ കൊണ്ടു പോകാറുണ്ട്. ടിക്കറ്റ് മാത്രം സ്വയം എടുത്താൽ മതി, ബാക്കി ചെലവൊക്കെ കൂട്ടത്തിൽ നടന്നുപോവും. ഔദ്യോഗിക സ്വഭാവത്തോടെ മറ്റ് സംസ്ഥാനങ്ങളുടെ ആതിഥേയത്വം സ്വീകരിച്ച് നാടുകാണാം എന്നതാണിതിന്‍റെ സൗകര്യം.
2015ൽ ശ്രീ കെ.ടി.ജലീൽ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിന്റെ ഫോട്ടോസ് ആണിവ. ഇതിൽ ശ്രീ ജലീലിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത, പേഴ്സണൽ സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീൻ എങ്ങനെ ഉൾപ്പെട്ടു എന്നത് ദുരൂഹമാണ്. സംസ്ഥാന നിയമസഭയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക യാത്രയിൽ കൂടെ കൊണ്ടുപോകാൻ മാത്രം എന്ത് അടുപ്പമാണ് ശ്രീ ജലീലിന് ഈപ്പറയുന്ന ഷംസുദ്ദീനുമായി ഉള്ളത്? വളാഞ്ചേരിയിലെ നാട്ടുകാരൻ എന്ന കേവല ബന്ധം മാത്രമേ ഉള്ളൂ എന്ന മന്ത്രിയുടെ അവകാശവാദം പൊളിയുന്നത് ഇവിടെയാണ്. ഷംസുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള KL 55 J1നമ്പർ ഇന്നോവ കാറിൽ എംഎൽഎ ബോർഡ് വച്ച് ശ്രീ കെ.ടി.ജലീൽ സ്ഥിരമായി വിനോദയാത്രകൾക്ക് പോയിരുന്നു എന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു.