പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ജില്ലയിലെത്തി. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നെത്തിച്ച മെഷീനുകള്‍ കഞ്ചിക്കോട് കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിലാണ് സൂക്ഷിച്ചിരിക്കുന്നത്. 4300 ബാലറ്റ് യൂണിറ്റുകള്‍, 4300 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 4600 വിവി പാറ്റ് എന്നിവയാണ് ജില്ലയില്‍ എത്തിച്ചിരിക്കുന്നത്. വോട്ടിങ് മെഷീനുകളുടെ പരിശോധന ഡിസംബര്‍ 31 ന് ആരംഭിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ പാലക്കാടെത്തി
മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നെത്തിച്ച മെഷീനുകള്‍ കഞ്ചിക്കോട് കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിലാണ് സൂക്ഷിച്ചിരിക്കുന്നത്. വോട്ടിങ് മെഷീനുകളുടെ പരിശോധന ഡിസംബര്‍ 31 ന് ആരംഭിക്കും
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ എഞ്ചിനീയര്‍മാര്‍ വോട്ടിങ് മെഷീനുകളുടെ പ്രാഥമിക പരിശോധന നടത്തും. പരിശോധന ചുമതലകള്‍ക്കായി ഡെപ്യൂട്ടി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി ഡെപ്യൂട്ടി കലക്‌ടറേയും നോഡല്‍ ഓഫീസറായി കലക്‌ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ടിനെയും നിയമിച്ചിട്ടുണ്ട്.
13 കണ്ടെയ്‌നറുകളിലായി പൊലീസ് അകമ്പടിയോടെയാണ് വോട്ടിങ് മെഷീനുകള്‍ ജില്ലയില്‍ എത്തിച്ചത്. മെഷീനുകളുടെ പ്രാഥമിക പരിശോധനയുടെ വെബ്‌കാസ്റ്റിങ് നടത്തുന്നുണ്ട്. ഇതിലൂടെ പരിശോധന തത്സമയം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്‌ടര്‍, ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍, ഇലക്ഷന്‍ കമ്മിഷണര്‍ എന്നിവര്‍ നിരീക്ഷിക്കും. പരിശോധനയ്ക്കായി റവന്യൂ വിഭാഗം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍, മറ്റ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പരിശോധന നടക്കുന്ന സമയത്ത് പ്രവേശിക്കാം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന സുരക്ഷയോടെയാണ് പരിശോധന നടക്കുക. പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.