പാലക്കാട്: ലോക്ക് ഡൗണിൽ ക്രിക്കറ്റ് കളിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ ദമ്പതികൾ ഇവിടെയുണ്ട്. പട്ടാമ്പിക്ക് സമീപം തൃത്താല മേഴത്തൂരിൽ. മേഴത്തൂർ ഒഴുകിൽ വീട്ടിൽ രാമൻ നമ്പൂതിരിയും ഭാര്യ ബിന്ദുവുമാണ് ലോക്ക് ഡൗൺ വിരസത അകറ്റാൻ ക്രിക്കറ്റ് കളിച്ചത്. സംസ്‌കൃതം അധ്യാപികയും 50കാരിയുമായ ബിന്ദു തന്‍റെ ഭർത്താവ് രാമൻ നമ്പൂതിരിക്ക് പന്തെറിഞ്ഞ് കൊടുക്കുന്ന ദൃശ്യങ്ങൾ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
നര മുടിയിഴകൾക്ക് മാത്രമാണ് മനസിനില്ല; വൈറലായ ക്രിക്കറ്റ് ദമ്പതികൾ ഇതാ.. - വൈറലായ ക്രിക്കറ്റ് ദമ്പതികൾ
ലോക്ക് ഡൗണിൽ ഏറെ ജനപ്രിയരായ ദമ്പതികളാണ് രാമൻ നമ്പൂതിരിയും ബിന്ദുവും. വിരസതയകറ്റാൻ ഇരുവരും ചേർന്ന് ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.

കൈ കറക്കിയുള്ള ബിന്ദുവിന്‍റെ ബൗളിങ്ങും കൃത്യതയോടെയുള്ള ഭർത്താവ് രാമൻ നമ്പൂതിരിയുടെ ബാറ്റിങ്ങും സമൂഹമാധ്യമങ്ങളിൽ ഹിറ്റായി. ആയിരക്കണക്കിനാളുകൾ ദൃശ്യങ്ങൾ പങ്കുവച്ചതോടെ ഇരുവർക്കും ഫോൺ വിളികളുടെ തിരക്കായി. ബിന്ദുവിന്‍റെ ബൗളിങ് കണ്ട മക്കൾ, ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു സംശയം പങ്കുവക്കുന്നുണ്ട്. അമ്മ പണ്ട് ക്രിക്കറ്റ് താരമായിരുന്നോ എന്ന സംശയം. അങ്ങനെ തന്‍റെ കുട്ടിക്കാലത്ത് സഹോദരങ്ങളുമായി ക്രിക്കറ്റ് കളിച്ചിരുന്നതെല്ലാം ബിന്ദു ഇപ്പോൾ ഓർത്തെടുക്കുകയാണ്. എന്നാൽ ഇക്കാര്യങ്ങളൊന്നും വിവാഹം കഴിഞ്ഞ് 27 വർഷത്തിനിടിയിൽ ഭർത്താവുമായോ മക്കളുമായോ ഒന്നും പങ്കുവച്ചിരുന്നില്ല. പട്ടാളത്തിൽ നിന്നും വിരമിച്ചയാളാണ് ഭർത്താവ് രാമൻ നമ്പൂതിരി. ഈ പ്രായത്തിലും ആവേശം ചോരാത്ത ദമ്പതികളുടെ മനസിനാണ് സമൂഹമാധ്യമങ്ങൾ നൽകുന്ന കയ്യടി മുഴുവൻ.