പാലക്കാട്: കോങ്ങാട് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാരെ സസ്‌പെന്‍ഡ് ചെയ്‌തു. കോങ്ങാട് ഒന്നാം വില്ലേജ് ഓഫീസിലെ കെ.ആര്‍ മനോജ്, ടി.ജി പ്രസന്നന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.
അറസ്റ്റിലായ ഇരുവരെയും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. തൃശൂര്‍ ജില്ലാ ജയിലിലേക്കാണ് ഇവരെ മാറ്റിയത്.
ചല്ലിക്കല്‍ സ്വദേശി കുമാരനില്‍ നിന്നും കൈക്കൂലിയായി 55,000 രൂപ വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കുമാരന്‍ പൈതൃകസ്വത്തായ 53 സെന്‍റ് സ്ഥലത്തിന് പുറമേ 16 സെന്‍റ് സ്ഥലം കൈവശമുണ്ടായിരുന്നു.
കാൻസർ രോഗിയായ മകളുടെ ചികത്സക്കും മറ്റ് ചെലവിനുമായി പണം കണ്ടെത്താൻ ഈ സ്ഥലത്തിന് പട്ടയം കിട്ടാൻ ഇയാൾ അപേക്ഷ നൽകിയിരുന്നു. ഭൂമിക്ക് പട്ടയം ശരിയാക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചെങ്കിലും ഗത്യന്തരമില്ലാതെ 55,000 രൂപ നൽകാമെന്നേറ്റു.
Also Read: പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 16 മാസം പ്രായമുള്ള മകളുടെ മൃതദേഹവുമായി ദമ്പതികള്‍ പിടിയില്‍
ബുധനാഴ്‌ച 5000 രൂപ നൽകിയ ശേഷം വിവരം കുമാരന്‍ വിജിലൻസിനെ അറിയിക്കുകയായിരുന്നു. ജില്ലാ വിജിലൻസ് ഡിവൈഎസ്‍പി ഷംസുദ്ദീൻ, സബ് ഇൻസ്പെക്‌ടർ ബി.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇവർ മുമ്പും പലതവണ പണം ആവശ്യപ്പെട്ടിട്ടുണ്ട് നാട്ടുകാർ ആരോപിച്ചു.