പാലക്കാട്: വിളയൂർ കൂരാച്ചിപ്പടി സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് വിളയൂർ പഞ്ചായത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി 20ൽ കൂടുതൽ പേർ സമ്പർക്കം പുലർത്തിയെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വിളയൂർ പഞ്ചായത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു
കൂരാച്ചിപ്പടി സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി
കൊവിഡ് 19 സ്ഥിരീകരിച്ചയാൾ മാർച്ച് 19 മുതൽ ഏപ്രിൽ 21 വരെയുള്ള ദിവസങ്ങളിൽ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും ആശുപത്രി, ലൈബ്രറി, സാമൂഹിക അടുക്കള എന്നിവിടങ്ങളും സന്ദർശിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കം പുലർത്തിയ 22 പേരിൽ ഒരാളെയൊഴിച്ച് എല്ലാവരെയും വൈറസ് ബാധ പരിശോധനക്ക് വിധേയമാക്കി. ഇവരിൽ 18 പേരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ തിരൂർ സർക്കാർ ആശുപത്രിയിലും എത്തിച്ചാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇവരുടെ പരിശോധന ഫലം അടുത്ത രണ്ടു ദിവസങ്ങളിലായി ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു. 22 പേർക്ക് പുറമെ രോഗം സ്ഥിരീകരിച്ചയാളുടെ വീട്ടുക്കാരുമായി സമ്പർക്കം പുലർത്തിയ 100ഓളം പേരെ അധികൃതർ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.