പാലക്കാട്:നരേന്ദ്ര മോദി സർക്കാരിനെതിരായ ഐക്യ പോരാട്ടത്തിന് കർഷകരുൾപ്പടെ എല്ലാ തൊഴിലാളികളും മുന്നിട്ടിറങ്ങണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജോയിന്‍റ് സെക്രട്ടറി വിജു കൃഷ്‌ണൻ പറഞ്ഞു. കർഷകരുടെ ആദായം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ മോദി സർക്കാർ എട്ടുവർഷത്തിനിടെ ഒന്നും ചെയ്‌തില്ല. ഈ കാലയളവിൽ രാജ്യത്ത് 1.12 ലക്ഷം കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്‌തു.
പല മേഖലയിലായി 2.30 ലക്ഷം തൊഴിലാളികളാണ് ആത്മഹത്യ ചെയ്‌തത്. മോദിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഏപ്രിലിൽ പത്ത് ലക്ഷം കർഷകരും തൊഴിലാളികളും അണിനിരക്കുന്ന പാർലമെന്‍റ് മാർച്ച് നടത്തും. കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച ഐതിഹാസിക കർഷക സമരത്തെ ഫാസിസത്തിനും ചൂഷണത്തിനുമെതിരായ സമീപകാല ലോക ചരിത്രത്തിലെ വലിയ മുന്നേറ്റമായാണ് നോം ചോംസ്‌കിയെപോലുള്ള ചരിത്രകാരന്മാർ വിലയിരുത്തിയത്.