പാലക്കാട്:എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ വിദ്യ സമർപ്പിച്ച വ്യാജ രേഖകൾ കണ്ടെത്താൻ അഗളി പൊലീസ് വിദ്യയുടെ വീട്ടിൽ തെരച്ചിൽ നടത്തും. വിദ്യയുടെ കാസർകോട് തൃക്കരിപ്പൂരിലെ വീട്ടിൽ അഗളി സിഐ സലീമും സംഘവുമാണ് തെരച്ചിൽ നടത്തുക.
വിദ്യ വ്യാജ രേഖ സമർപ്പിച്ച് അഭിമുഖത്തിൽ പങ്കെടുത്തതായി കാണിച്ച് അട്ടപ്പാടി ഗവ. ആർജിഎം പ്രിൻസിപ്പൽ ലാലി വർഗീസ് വ്യാഴാഴ്‌ച രാത്രി അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച അഗളി സിഐ അട്ടപ്പാടി ഗവ. ആർജിഎം കോളജിലെത്തി. അന്വേഷണം പുരോഗമിക്കുന്നതിനാൽ വിദ്യ അഭിമുഖത്തിനായി കോളജിൽ സമർപ്പിച്ച രേഖകളുടെ പകർപ്പുകൾ നഷ്‌ടപ്പെടരുതെന്ന് കോളജ് അധികൃതർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്‌ച രാവിലെ അഞ്ച് മണിയോടെയാണ് അഗളി പൊലീസ് സംഘം കാസർകോട് വിദ്യയുടെ വീട്ടിലേക്ക് തിരിച്ചിരിക്കുന്നത്. വീട്ടിൽ തെരച്ചിൽ നടത്തി വ്യാജ രേഖകളുണ്ടെങ്കിൽ കണ്ടെത്താനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച എറണാകുളം മഹാരാജസ് കോളജ് പ്രിൻസിപ്പൽ ഡോ.വിഎസ് ജോയി കോളജിന്‍റെ പേരില്‍ വിദ്യ വ്യാജ രേഖ ചമച്ചതായി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വ്യാജ രേഖ സമർപ്പിച്ചിട്ടുള്ളത് അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം അഗളി പൊലീസിന് കൈമാറണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ പൊലീസ് കേസ് അന്വേഷണം വൈകിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷം മാത്രമാണ് കേസ് അഗളി പൊലീസിന് കൈമാറിയത്. പിന്നാലെ അഗളി പൊലീസ് ഒരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് വിദ്യയുടെ വീട്ടിൽ ഇന്ന് പൊലീസ് തെരച്ചിൽ നടത്തുന്നത്.