പാലക്കാട്: എരുത്തേമ്പതിയിലെ കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് സ്ഥാപിച്ച പഴം പച്ചക്കറി ശീതീകരണശാല പൂട്ടികിടക്കുന്നു. എന്നാൽ 13 വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ സ്ഥാപനം രണ്ട് തവണ ഉദ്ഘാടനം കഴിഞ്ഞിട്ടും പൂട്ടികിടക്കുകയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നാണ് എരുത്തേമ്പതി.
എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ മേഖലകളിലായി 2500ല്‍ അധികം പഴം-പച്ചക്കറി കർഷകരുണ്ട്. ഇവരുടെ വിളകൾ സംഭരിച്ച് വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വിപണി ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ശീതീകരണ കേന്ദ്രം ആരംഭിച്ചത്. എന്നാൽ രണ്ടായിരം ചതുരശ്ര അടിയിലുള്ള ശീതീകരണ ശാല വൈദ്യുതി ചാർജ് കെട്ടാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കപ്പെട്ട് പ്രവര്‍ത്തന രഹിതമായി.
എരുത്തേമ്പതിയിലെ പഴം-പച്ചക്കറി ശീതീകരണശാല 13 വർഷമായി പൂട്ടി കിടക്കുന്നു കോടികൾ ചെലവഴിച്ച് നിർമിച്ച ഹൈടെക് സാങ്കേതിക വിദ്യയിലുള്ള ഈ കേന്ദ്രം ഇവിടെയുള്ളതായി ഇപ്പോൾ പലർക്കുമറിയില്ല. കർഷകരുടെ ഒരു കിലോ പച്ചക്കറി പോലും സംഭരിക്കാതെയാണ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും വി.എഫ്.പി.സി.കെയും മാറിമാറി സ്ഥാപനം കൈവശം വെച്ചിരിക്കുന്നത്. ഇപ്പോൾ വി.എഫ്.പി.സി.കെയുടെ അധീനതയിലാണ് കെട്ടിടം.
കാർഷിക രംഗത്തെ നിരവധി മികച്ച അവാർഡുകൾ നേടിയിട്ടുള്ള ചിറ്റൂർ ബ്ലോക്കിലുൾപ്പെട്ട ഈ പ്രദേശത്തെ കർഷകർ ഇപ്പോൾ തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന റിലയൻസ് മാർക്കറ്റിലാണ് സാധനങ്ങൾ വിൽക്കുന്നത്. ക്വാളിറ്റി കൺട്രോൾ ലാബ് സ്ഥാപിച്ച് ഗ്രേഡിങ്ങും പാക്കിങ്ങും നടത്തിയാൽ വിദേശവിപണിയിൽ വരെ ഇവിടുത്തെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.