പാലക്കാട്: കൊറോണക്കാലത്ത് പച്ചക്കറി ക്ഷാമമനുഭവിക്കുന്ന പട്ടാമ്പിയിലെ കൊടലൂരുക്കാര്‍ക്ക് ആശ്വാസമായി പച്ചക്കറി വിളവെടുപ്പ്. കൊടലൂർ പാടശേഖര പച്ചക്കറി ഉല്‍പാദക സംഘത്തിന്‍റെ നേതൃത്വത്തിലുള്ള പച്ചക്കറി കൃഷിയാണ് ലോക്ക്‌ഡൗണ്‍ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വിളവെടുത്തത്. പതിനാലര ഏക്കർ സ്ഥലത്ത് 30 കർഷകരടങ്ങിയ സംഘമാണ് കൃഷിയിറക്കിയത്. ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച വെള്ളരി, പയർ, കുമ്പളം, ചീര, മത്തൻ തുടങ്ങിയ പച്ചക്കറികൾ പരിസരപ്രദേശങ്ങളില്‍ വെച്ച് വില്‍പനയും നടത്തുന്നുണ്ട്. രാവിലെ ഏഴ് മുതൽ ഒമ്പതു മണി വരെയാണ് വില്‍പന. എല്ലാ കുടുംബങ്ങളില്‍ നിന്നും ഒരാള്‍ വീതമാണ് പച്ചക്കറികൾ വാങ്ങാനായെത്തുന്നത്.
കൊറോണക്കാലത്ത് കൊടലൂരിന് ആശ്വാസമായി പച്ചക്കറി വിളവെടുപ്പ് - കൊടലൂർ പാടശേഖര പച്ചക്കറി ഉല്‍പാദക സംഘം
ലോക്ക്‌ഡൗണ്‍ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് കൊടലൂർ പാടശേഖര പച്ചക്കറി ഉല്‍പാദക സംഘത്തിന്‍റെ പച്ചക്കറി വിളവെടുപ്പ്
കച്ചവടക്കാരെ ഒഴിവാക്കിയുള്ള വിൽപനയായതുകൊണ്ട് തന്നെ കൊറോണക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർക്ക് ഇത് ആശ്വാസം പകരുന്നു. വിഷരഹിതമായ പച്ചക്കറി വിലക്കുറവിൽ കിട്ടുന്നതിനാല്‍ നാട്ടുകാരും സന്തോഷത്തിലാണ്. സമീപത്തെ സമൂഹ അടുക്കളകളിലേക്കും കൊടലൂരിലെ പച്ചക്കറികൾ എത്തിച്ചുകൊടുക്കുന്നുണ്ട്. എല്ലാ വര്‍ഷങ്ങളിലും വിഷുവിന് മുന്നോടിയായി ആരംഭിക്കുന്ന വിഷു ചന്ത ഇത്തവണ തുടങ്ങാനായില്ലെങ്കിലും നാട്ടുകാരുടെ പച്ചക്കറി ക്ഷാമത്തിനിടയില്‍ ആശ്വാസമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കര്‍ഷകര്‍.