പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾക്ക് നീതി തേടി ഇരകളുടെ അമ്മ തല മുണ്ഡനം ചെയ്‌തു. സംസ്ഥാന സർക്കാരിന്‍റെ നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവർത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്‌തു. 'സ്ത്രീകൾക്കും കുട്ടികൾക്കും നീതി വേണം നീതി വേണം' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് തല മുണ്ഡനം ചെയ്യുന്നത് ആരംഭിച്ചത്.
വാളയാർ പീഡനക്കേസ്; നീതി തേടി ഇരകളുടെ അമ്മ തല മുണ്ഡനം ചെയ്‌തു - നീതി തേടി അമ്മ തല മുണ്ഡനം ചെയ്‌തു
പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവർത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്‌തു.
ബിന്ദുവിനും സലീനയ്ക്കും ശേഷമാണ് പെൺകുട്ടികളുടെ അമ്മയുടെ തല മുണ്ഡനം ചെയ്‌തത്. പെൺകുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്. ഒരു മാസമായി വാളയാറിൽ താൻ സത്യഗ്രഹം ഇരിക്കുന്നു. എന്നാൽ തന്‍റെ കണ്ണീർ സർക്കാർ കണ്ടില്ല. ഒട്ടേറെ സാമൂഹിക പ്രവർത്തകരും നിരാഹാരസമരം നടത്തിയിരുന്നു. എന്നാൽ ഇതൊന്നും കാണാതെ സർക്കാർ മുന്നോട്ടുപോകുകയാണെന്നും 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമ്മ പറഞ്ഞു.
ആലത്തൂർ എം.പി. രമ്യാഹരിദാസ്, മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് എന്നിവർ സമരവേദിയിൽ ഐക്യദാർഢ്യവുമായി എത്തിയിട്ടുണ്ട്. ഇന്നത്തോടെ വാളയാർ പെൺകുട്ടികളുടെ അമ്മയും സാമൂഹിക പ്രവർത്തകരും നടത്തുന്ന സമരം അവസാനിക്കും. വാളയാറിലെ ഇളയ പെൺകുട്ടി മരിച്ചതിന്‍റെ ചരമവാർഷിക ദിനമായ മാർച്ച് നാലിന് എറണാകുളത്ത് ഒരു സമരപരിപാടി നടത്തും. തുടർന്നായിരിക്കും മറ്റ് സമരപരിപാടികളെ കുറിച്ച് തീരുമാനിക്കുകയെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
കേസ് അന്വേഷണത്തിൽ വീഴ്‌ചവരുത്തിയ എസ്.ഐ. ചാക്കോയെയും ഡിവൈഎസ്‌പി സോജനെയും ശിക്ഷിക്കണം എന്നാണ് അമ്മയുടെ ആവശ്യം. വാളയാർ സഹോദരിമാരുടെ ദുരൂഹമരണക്കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി സമരമനുഷ്ഠിക്കുകയായിരുന്നു പെൺകുട്ടികളുടെ അമ്മ.