പാലക്കാട്: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. വടക്കാഞ്ചേരി മംഗലംപാലത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഇന്നലെ വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. പാലക്കാട് കല്ലേക്കുളങ്ങര പാതിയാർ വീട്ടിൽ ജയൻ എസ് നായർ (52) ആണ് മരിച്ചത്.
അമിത വേഗതിയിലെത്തിയ ആനക്കട്ടി-പാലാ ഫാസ്റ്റ് പാസഞ്ചർ ബസ് തൃശൂർ-പാലക്കാട് ടൗൺ ടു ടൗൺ ബസിന്‍റെ പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. ടൗൺ ടു ടൗൺ ബസിന്‍റെ പിൻവാതിലിന് തൊട്ടു പിന്നിലുള്ള കണ്ടക്‌ടർ സീറ്റിലാണ് ജയൻ ഇരുന്നിരുന്നത്. സംഭവ സമയത്ത് ഉറക്കത്തിലായിരുന്നു ജയൻ. ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ച് കയറി ടൗൺ ടു ടൗൺ ബസ് നിരങ്ങി നീങ്ങുന്നതിനിടയിൽ ജയന്‍റെ തല കുടുങ്ങുകയായിരുന്നു. സ്വന്തം മടിയിലേക്ക് തല അറ്റു തൂങ്ങിയ നിലയിലായിരുന്നു ജയന്‍റെ മൃതദേഹം കണ്ടത്.
തൃശൂരിലുള്ള സോപ്പ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ജയൻ. തൃശൂരിൽ നിന്ന് പാലക്കാടേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍ ജയന് ജീവന്‍ നഷ്‌ടമായത്. യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സീറ്റ് ഒഴിവില്ലാതിരുന്നതിനാല്‍ ജയൻ കണ്ടക്‌ടറുടെ സീറ്റില്‍ ഇരിക്കുകയായിരുന്നു.
ബസ് നീങ്ങി തുടങ്ങിയതും ജയൻ ഉറക്കത്തിലായി. ഫാസ്റ്റ് പാസഞ്ചർ ബസ് ദേശീയപാതയിൽ നിന്നും മംഗലംപാലം ബൈപാസ് റോഡിലൂടെ വടക്കാഞ്ചേരി ടൗൺ റോഡിലേക്ക് കടക്കുകയായിരുന്നു. ഈ സമയത്ത് എതിർ ദിശയിൽ നേരെ പോകുകയായിരുന്ന ടൗൺ ടു ടൗൺ ബസിൽ ജയൻ ഇരിക്കുകയായിരുന്ന വശത്തേക്ക് ഇടിച്ച് കയറി. ഉറക്കത്തിലായിരുന്ന ജയന്‍റെ തല ബസിന്‍റെ ഇടയിൽപ്പെട്ട് അറ്റു തൂങ്ങി. തലയറ്റതോടെ മൃതദേഹം തിരിച്ചറിയാൻ കഴിയാതെ വന്നു. പിന്നീട് ജയന്‍റെ സഹോദരൻ മോഹനൻ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
നാല് പേർക്ക് പരിക്ക്: ടൗൺ ടു ടൗൺ ബസിലെ യാത്രക്കാരായ കുന്നംകുളം അഞ്ഞൂർ കാട്ടുശ്ശേരി വീട്ടിൽ അജയ്ഘോഷ് (49), തൃശൂർ ആളൂർ പാലപ്പട്ടി ഉണ്ണികൃഷ്‌ണൻ (49), തൃശൂർ അഷ്‌ടിമച്ചിറ കല്ലൂപാടൻ സുബ്രമണ്യൻ (50), ഫാസ്റ്റ് പാസഞ്ചർ ബസിലെ യാത്രക്കാരിയായ വടക്കാഞ്ചേരി ഹോളിഫാമിലി കോൺവെന്‍റിലെ സിസ്റ്റർ അനീറ്റ പോൾ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജിലും വടക്കാഞ്ചേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇറങ്ങിയോടി ഡ്രൈവർ:അമിത വേഗതയിലായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ പാലാ മേവട പടിഞ്ഞാറേ മുറിയിൽ ബാബു തോമസ് (48) അപകടം നടന്നതോടെ ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് വടക്കാഞ്ചേരി സ്റ്റേഷനിലെത്തി കീഴടങ്ങി.