പാലക്കാട്:പുതുമുഖങ്ങളെയും പരിചയ സമ്പന്നരേയും വനിതകളെയും ഒരുപോലെ പരിഗണിച്ചാണ് ജില്ലയില്‍ നിന്നുള്ള സാധ്യത പട്ടിക തയ്യാറാക്കിയതെന്ന് ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്‌ഠന്‍. സജീവമായി മണ്ഡലത്തിനകത്ത് പ്രവര്‍ത്തിക്കുന്നവരെയും ജനങ്ങളുടെ അംഗീകാരം നേടിയവരെയുമാണ് ഇത്തവണ പരിഗണിച്ചിരിക്കുന്നത്. ഡിസിസി നൽകിയ സ്ഥാനാർഥി പട്ടിക കെപിസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയും എഐസിസിയുടെ സ്ക്രീനിങ് കമ്മിറ്റിയും പരിശോധിച്ച ശേഷമായിരിക്കും അന്തിമ പട്ടിക പുറത്തുവിടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പരിചയ സമ്പന്നര്‍ക്കും പുതുമുഖങ്ങള്‍ക്കും പരിഗണന: വികെ ശ്രീകണ്‌ഠന്‍ ജില്ലയിലെ 12 മണ്ഡലങ്ങളില്‍ ഏഴ് മണ്ഡലങ്ങളും പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് വലതുപക്ഷം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലാണ് യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. 2001ല്‍ അഞ്ച് മണ്ഡലങ്ങളിലും 2006ല്‍ മൂന്ന് മണ്ഡലങ്ങളിലുമാണ് യുഡിഎഫ് വിജയിച്ചത്. സ്ഥിരമായൊരു വിജയം ഒരു മണ്ഡലത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല. പാലക്കാട്, ആലത്തൂര്‍ ലോക്‌സഭ മണ്ഡലങ്ങള്‍ പിടിച്ചെടുത്ത പാരമ്പര്യവും മറന്നുപോകരുതെന്നും ശ്രീകണ്‌ഠന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ തുടര്‍ഭരണം ഉണ്ടാകില്ലെന്നതിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥിനെ പാർട്ടി അർഹമായ ഇടങ്ങളിലെല്ലാം അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം തന്‍റെ അഭിപ്രായ വ്യത്യാസങ്ങള്‍ ബന്ധപ്പെട്ട പാര്‍ട്ടി ഫോറങ്ങളിലായിരുന്നു വെളിപ്പെടുത്തേണ്ടിയിരുന്നത്. അദ്ദേഹത്തിന്‍റെ പരസ്യ പ്രതികരണങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്ന് കെപിസിസിയുടെ അനുമതിയോടെ അദ്ദേഹത്തെ പോയി കണ്ടിരുന്നു. അദ്ദേഹം സൂചിപ്പിച്ച അഭിപ്രായങ്ങൾ മേൽ ഘടകത്തെ അറിയിച്ചിട്ടുണ്ട്. കാലങ്ങളായി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ കോൺഗ്രസുകാരനായി തന്നെ അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വ്യക്തിയാണ് ഗോപിനാഥൻ.
അതേസമയം പുതിയ ഡിസിസി പ്രസിഡന്‍റായി അദ്ദേഹത്തെ പരിഗണിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പാർട്ടിയുടെ അഖിലേന്ത്യാ ഘടകമാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ശ്രീകണ്‌ഠൻ പറഞ്ഞു. കോൺഗ്രസിതര സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചാൽ കോൺഗ്രസിനെ അത് ബാധിക്കില്ല. വ്യക്തിയധിഷ്‌ഠമായ രാഷ്ട്രീയമല്ല നിലവിലുള്ളതെന്നും കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ ബോധമുണ്ടെന്നും ശ്രീകണ്‌ഠൻ പറഞ്ഞു. വ്യക്തിപരമായി കുറച്ച് സ്വാധീനം ചെലുത്താൻ ഗോപിനാഥന് കഴിയുമായിരിക്കും എന്നാല്‍ കോൺഗ്രസിന്‍റെ വിജയ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കാൻ അത് പര്യാപ്‌തമല്ലെന്നും അദ്ദേഹം പറഞ്ഞു.