പാലക്കാട് :പാലക്കാട് നഗരസഭയിൽ യുഡിഎഫ് - ബിജെപി അംഗങ്ങൾ തമ്മിൽ കൈയാങ്കളി. ഗവ.മോയൻ സ്‌കൂളിലെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട അജണ്ടയെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്. ബിജെപി അംഗം മിനി കൃഷ്‌ണകുമാർ സംസാരിക്കുമ്പോൾ യുഡിഎഫ് അംഗം അനുപമ മൈക്ക് പിടിച്ചുവാങ്ങിയെന്ന് ആരോപിച്ചുള്ള ബഹളമാണ് കൈയാങ്കളിയിലേക്ക് നീങ്ങിയത്.
തന്‍റെ വസ്‌ത്രം വലിച്ചുകീറിയെന്നും മർദിച്ചെന്നും മിനി ആരോപിച്ചു. തന്നെ മർദിച്ചെന്ന് അനുപമയും പ്രതികരിച്ചു. ഇരുകൂട്ടരും ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിനിടെ അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് വൈസ് ചെയർമാൻ ഇ കൃഷ്‌ണ ദാസ് ഇരിപ്പിടത്തിൽ നിന്ന് ഇറങ്ങിപ്പോയി. തർക്കത്തിൽ മുഴുവൻ കൗൺസിലർമാരും പ്രതിഷേധിച്ചു.
മോയൻ സ്‌കൂളിലെ ഡിജിറ്റലൈസേഷൻ പദ്ധതിക്ക് നഗരസഭ വിഹിതം നൽകിയിരുന്നു. ഇത് തിരികെ വേണമെന്നാവശ്യപ്പെട്ട് നഗരസഭ കളക്‌ടർക്ക് നൽകിയ കത്തിന്‍റെ മറുപടി കൗൺസിലിന്‍റെ പരിഗണനയ്ക്കായി വന്നു.
അതിനിടെ ഒതുങ്ങോട് വാർഡിലെ റോഡ് നിർമാണത്തിൽ രാഷ്ട്രീയ വിവേചനം നടത്തുന്നുവെന്നാരോപിച്ച് സിപിഎം അംഗങ്ങൾ ഡയസിൽ ഇറങ്ങി പ്രതിഷേധിച്ചു. ഡിപിആർ തയ്യാറാക്കിയിട്ടും പദ്ധതി കടലാസിലാണെന്നും വിഷയത്തിൽ വിശദീകരണം നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.