പാലക്കാട്: മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന മണ്ണാര്‍ക്കാട് ശ്രീകൃഷ്‌ണപുരത്തെ കരിമ്പുഴയില്‍ വേനല്‍ കടുക്കുമ്പോഴാണ് കുളിക്കുന്നതിനും മറ്റുമായി കൂടുതല്‍ ആളുകളെത്തുന്നത്. എന്നാല്‍ വേനലില്‍ നീരൊഴുക്ക് കുറയുന്നതോടെ പുഴയിലിറങ്ങുന്ന പലരും അപകടങ്ങളില്‍ പെടുന്നതും മരിക്കുന്നതും തുടര്‍ക്കഥയായിരിക്കുകയാണ്. പുഴയിലെ ആഴങ്ങളില്‍ കുന്നുപോലെ ഉയര്‍ന്ന് നില്‍ക്കുന്ന പൂഴിമണലില്‍ കുടുങ്ങിയും പുഴയുടെ അടിത്തട്ടിലുള്ള അപകടകരമായ വലിയ കയങ്ങളില്‍പ്പെട്ടും അടിയൊഴുക്കില്‍ പെട്ടുമാണ് അപകടങ്ങളുണ്ടാവുന്നത്.
കഴിഞ്ഞ രണ്ടാഴ്‌ചയ്ക്ക് ഉള്ളില്‍ രണ്ട് വിദ്യാര്‍ഥികളാണ് പുഴയില്‍ മുങ്ങി മരിച്ചത്. മാർച്ച് 26ന് കരിമ്പുഴ തെരുവ് പാറക്കടവിൽ മണ്ണമ്പറ്റ സ്വദേശിയായ 18ക്കാരനും ഏപ്രിൽ എട്ടിന് മുറിയംകണ്ണി പാലത്തിന് സമീപം താഴെക്കോട് വെള്ളപ്പാറ സ്വദേശിയായ 19 വയസുക്കാരനും മരിച്ചു. കരിമ്പുഴ കൂട്ടിലക്കടവ് മുതൽ മുറിയംകണ്ണി പാലം വരെ അൻപതിലധികം അപകട കയങ്ങളാണുള്ളത്.