പാലക്കാട്:അട്ടപ്പാടി ആദിവാസി ഊരിലെ മുള്ളി കുമ്പന് കൂട്ട് പഴുതാരയും എലികളും എലിയെപ്പിടിക്കാനെത്തുന്ന പാമ്പുകളും. വാസയോഗ്യമായ ഭവനമില്ലാത്തതാണ് ഈ ദുരവസ്ഥക്ക് കാരണം. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ തേക്കുമുക്കിയൂർ ഊരിലെ അർബുദ രോഗിയായ 65കാരൻ തനിച്ചാണ് ഇവിടെ താമസിക്കുന്നത്. ഏക മകൻ മോഹനൻ തമിഴ്‌നാട്ടിലെ സ്വകാര്യ തോട്ടത്തിൽ കൂലിപ്പണിക്കാരനാണ്. ഭാര്യ രേശിയുടെ മരണശേഷം മുള്ളി ഇവിടെ തനിച്ചാണ് താമസിക്കുന്നത്.
2009ലാണ് ഇവർക്ക് ആശ്രയം പദ്ധതിയിൽ ഉൾപ്പെടുത്തി വീടനുവദിക്കുന്നത്. അനുവദിച്ച തുക ഉപയോഗിച്ച് വീടുപണി പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചില്ല. രണ്ട് കിടപ്പുമുറികളും ഒരു ഹാളുമുള്ള വീട്ടിൻ്റെ അവസ്ഥ പരിതാപകരമാണ്. പഴുതാരയും എലികളുമെല്ലാം ഈ വീട്ടിലെ അന്തേവാസികളാണ്. എലിയെപ്പിടിക്കാനെത്തുന്ന പാമ്പുകളും ഇവിടെ നിത്യ സന്ദർശകരാണ്. ബന്ധപ്പെട്ട അധികാരികളോടും ജനപ്രതിനിധികളോടും ആവശ്യമായ സഹായം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് മുള്ളി പറയുന്നു.