പാലക്കാട് :നെല്ലിയാമ്പതി വനം റേഞ്ച് പരിധിയിൽപ്പെട്ട കൂനം പാലം മേലെ പാടിയിലെ കിണറ്റിൽ തിങ്കളാഴ്‌ച ചത്തനിലയിൽ കണ്ട കടുവയുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തി സംസ്‌കരിച്ചു. വിദഗ്‌ധ പരിശോധനയ്ക്കായി കടുവയുടെ ആന്തരികാവയവങ്ങൾ കാക്കനാടുള്ള റീജ്യണല്‍ കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിലേക്ക് അയച്ചു.
വായ്ക്കകത്ത് മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ച നിലയിലായിരുന്നു മൂന്നുദിവസം പഴക്കമുള്ള കടുവയുടെ ജഡം. ഇരയെ പിന്തുടർന്ന് സമീപത്തുള്ള മൺതിട്ടയിൽ നിന്നും ചാടുമ്പോൾ കിണറ്റിലേക്ക് നെഞ്ചിടിച്ചുവീണതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് വയസ് പ്രായമുള്ള പെൺ കടുവയാണ് ചത്തത്.