പാലക്കാട്: പാലക്കാട്- തൃശ്ശൂർ അതിർത്തിയിൽ നിളയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണ് തിരുവില്വാമല. പ്രകൃതിയോട് ഏറ്റവുമിണങ്ങി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന വില്വാദ്രിനാഥ ക്ഷേത്രത്തിന്‍റെ പേരിലാണ് തിരുവില്വാമല പ്രസിദ്ധി നേടിയിട്ടുള്ളത്. ത്രേതായുഗത്തിൽ കശ്യപമഹർഷിയുടെ ഒരു പുത്രൻ ഇവിടെയിരുന്ന് രാമനാമം ജപിച്ച് തപസ് ചെയ്‌തു. നെല്ലിക്ക മാത്രമായിരുന്നു തപസ്വിയുടെ ഭക്ഷണം. അതു കൊണ്ട് ആമലകീ മഹർഷി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒടുവിൽ മഹർഷിക്ക് വിഷ്‌ണു ദർശനം ലഭിച്ചു. അന്ന് തന്നെ ആ തപസ്വി സമാധിയാവുകയും ചെയ്‌തു. ശ്രീരാമൻ ഇതോടെ ഇവിടെ സ്വയംഭൂവായി എന്നാണ് ഐതിഹ്യം.
ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് തിരുവില്വാമല വില്വാദ്രി നാഥ ക്ഷേത്രം - ഭൂതമല
ശാന്തവും സുന്ദരവുമായ ഈ ക്ഷേത്രം ശ്രീരാമ ക്ഷേത്രങ്ങളിൽ ഏറ്റവും വലുതും മനോഹരവുമാണ്.
അഗസ്‌ത്യമുനി, വസിഷ്ഠൻ, വാൽമീകി തുടങ്ങിയവരെല്ലാം ഇവിടെ തപസിരുന്നതായി കരുതപ്പെടുന്നു. ശ്രീരാമനൊപ്പം ലക്ഷ്‌മണനും ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം നൽകുന്നുണ്ട്. ധ്യാനനിരതരായിരിക്കുന്ന നിരവധി സന്യാസിമാരെയും ഇവിടെ കാണാം. അവരിലൊരാളാണ് മുപ്പത് വർഷം മുൻപ് ഇവിടെയെത്തിയ സ്വാമി ഋഷി ചന്ദസ്.
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ സവിശേഷമായ ചടങ്ങാണ് പുനർജനി മല നൂഴൽ. ക്ഷേത്രത്തിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്താണ് ഈ ഗുഹ. ഭൂതമല, വില്വമല എന്നീ രണ്ട് മലകളുടെ നടുവിലെ അതിരിലാണ് പുനർജനി. വില്വാദ്രിനാഥ ക്ഷേത്ര ദർശനം നടത്തി പുണ്യം നേടിയ ആത്മാക്കൾക്ക് മുക്തി ലഭിക്കുന്നതിന് പരശുരാമൻ അപേക്ഷിച്ചതിന്‍റെ പേരിൽ ദേവേന്ദ്രൻ വിശ്വകർമ്മാവിനെ കൊണ്ട് പണി കഴിപ്പിച്ചതാണ് ഗുഹയെന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ ഗുരുവായൂർ ഏകാദശി (ഈ വർഷം ഡിസംബർ 18) നാളിലാണ് പുനർജനി നൂഴൽ ചടങ്ങ് നടത്തുക. പുണ്യം നേടുന്നതിനായി ആയിരങ്ങളാണ് അന്ന് ഇവിടെയെത്തുക.