പാലക്കാട്:പന്തൽപ്പണിക്കാരനെന്ന വ്യാജേന കല്യാണ വീടുകളിലെത്തി പാത്രങ്ങൾ മോഷ്‌ടിച്ച് വിൽക്കുന്നയാൾ പിടിയിൽ. കല്ലേക്കാട് മേപ്പറമ്പ് വാര്യമ്പറമ്പ് സ്വദേശി രമേഷിനെയാണ് (46) വാളയാർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പാലക്കാട് സൗത്ത്, നോർത്ത്, കസബ, അഗളി, വാളയാർ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ആറോളം കേസുകളുണ്ട്.
കല്യാണ വീടുകളിൽനിന്നുള്ള പാത്രമോഷണത്തിനു പുറമെ കസേരകളും പാത്രങ്ങളും വാടകയ്‌ക്ക് നൽകുന്ന ജില്ലയിലെ വിവിധ കടകളിൽനിന്ന് കല്യാണ വീട്ടിലേക്കെന്ന വ്യാജേന സാധനങ്ങൾ എടുത്ത് മുങ്ങുന്നതും ഇയാളുടെ രീതിയാണ്. വാളയാർ പൊലിസിന്‍റെ നേതൃത്വത്തിൽ പാത്രങ്ങൾ ആവശ്യമുണ്ടെന്ന് അറിയിച്ച് പ്രതിയെ വിളിച്ചു വരുത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു.