പാലക്കാട്:തേങ്കുറിശി ദുരഭിമാന കൊലപാതകത്തിലെ റിമാൻഡ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. തേങ്കുറിശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ സുരേഷ് (45) എന്നിവരെയാണ് കോടതി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് പ്രതികളുടെ കസ്റ്റഡി അനുവദിച്ചത്.
തേങ്കുറിശി ദുരഭിമാനകൊല; പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി - ദുരഭിമാനകൊലപാതകം
തേങ്കുറുശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ സുരേഷ് (45) എന്നിവരെയാണ് കോടതി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
തേങ്കുറിശി ഇലമന്ദം കൊല്ലത്തറയിൽ ആറുമുഖൻ്റെ മകൻ അനീഷ് (27) ആണ് ഡിസംബർ 25ന് വൈകിട്ട് കൊല്ലപ്പെട്ടത്. മാനാംകുളമ്പ് സ്കൂളിന് സമീപത്തെ റോഡിൽ വച്ചാണ് സംഭവം. അനീഷിൻ്റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ്, അച്ഛൻ പ്രഭുകുമാർ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. മകൾ ജാതിമാറി വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് ദുരഭിമാന കൊലക്ക് കാരണം.
അനീഷും പ്രഭുകുമാറിൻ്റെ മകൾ ഹരിതയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിക്കാൻ പ്രഭുകുമാർ അനീഷിനെ നിർബന്ധിച്ചിരുന്നു. മറ്റൊരാളുമായി വിവാഹം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹരിതയും അനീഷും വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹം നടത്തിയത്.