പാലക്കാട്: തേങ്കുറുശി സ്വദേശി അനീഷിന്‍റെ(25) കൊലപാതകം ദുരാഭിമാനക്കൊലയെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അനീഷിന്‍റെ ഭാര്യ ഹരിതയുടെ പിതാവ് തേങ്കുറുശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവർ കൊലപാതകത്തിന് മുൻപ് ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ഡിസംബർ 25ന് വൈകിട്ട് ആറരയോടെയാണ് തേങ്കുറുശി മാനാംകുളമ്പിൽ വച്ച് അനീഷിനെ ബൈക്കിലെത്തിയ പ്രതികൾ വെട്ടിയും കുത്തിയും കൊലപ്പടുത്തിയത്. സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽപ്പെട്ട ഹരിതയെ പിന്നോക്ക ജാതിയിൽപ്പെട്ടതും സാമ്പത്തികമായി താഴ്‌ന്നതുമായ അനീഷ് വിവാഹം ചെയ്‌തതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വിവാഹശേഷം അനീഷിനെ ഇരുവരും പലപ്പോഴായി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സുരേഷ് കുമാർ അനീഷിന്‍റെ വീട്ടിലെത്തിയും ഭീഷണി മുഴക്കിയിരുന്നു.
കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സി. ജോൺ നൽകിയ കുറ്റപത്രത്തിലുള്ളത്. അനീഷിനെ കുത്തിയ കത്തി സുരേഷ് കുമാർ തണ്ണിമത്തൻ മുറിച്ചാണ് വൃത്തിയാക്കിയത്. പ്രതികളുടെ കുത്തിൽ അനീഷിന്‍റെ രണ്ടു തുടയിലെയും പ്രധാന ഞരമ്പുകൾ മുറിഞ്ഞുമാറുകയും രക്തം കൂടുതൽ വാർന്നു പോകുകയും ചെയ്‌തു. ആകെ 12 മുറിവുകളാണ് അനീഷിന്‍റെ ശരീരത്തിലേറ്റത്. ആക്രമണത്തിന് ഉപയോഗിച്ച ഉപകരണങ്ങളിലും പ്രതികളുടെ വസ്ത്രത്തിലും ഉൾപ്പെടെ അനീഷിന്‍റെ രക്തമുണ്ടായിരുന്നു.
ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ് അനീഷിന്‍റെ ഭാര്യ അറിയിച്ചത്. അച്ഛനും അമ്മാവനും ശിക്ഷിക്കപ്പെടണമെന്നും എവിടെ പോയാലും ജാമ്യം ലഭിക്കരുതെന്നും ജോലി തേടി എം.എൽ.എ മുഖേന മുഖ്യമന്ത്രിക്ക് പ്രത്യേകം അപേക്ഷ നൽകിയതായും ഹരിത പറഞ്ഞു. ഭർത്താവിന്‍റെ വീട്ടുകാർക്കൊപ്പം തന്നെയുണ്ടാകുമെന്ന തീരുമാനത്തിലാണ് ബിബിഎ അവസാന വർഷ വിദ്യാർഥിയായ ഹരിത. മകന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കു കഠിനശിക്ഷ ലഭിക്കണമെന്നും അവർ ഇനി പുറംലോകം കാണരുതെന്നും അനീഷിന്‍റെ പിതാവ് അറുമുഖനും പറഞ്ഞു.