പാലക്കാട് :പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ നീന്തല്‍ പഠിക്കുന്നതിനിടയില്‍ വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. പട്ടിത്തറ ഒതളൂര്‍ അരിക്കാട് പുളിഞ്ചോട്ടില്‍ തേവര്‍ പറമ്പില്‍ ശിവന്‍റെ മകന്‍ ജഗന്‍(17), കൊമ്മാത്ര വളപ്പില്‍ സുകുമാരന്‍റെ മകന്‍ സായൂജ് (16) എന്നിവരാണ് മരിച്ചത്. കല്ലടത്തൂര്‍ ഗോഖലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
ഞായറാഴ്‌ചയാണ്(ജൂണ്‍ 12) സംഭവം. കൂട്ടുകാര്‍ക്കൊപ്പം രാവിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കാന്‍ പോയി തിരിച്ച് വരുമ്പോഴാണ് ഇവര്‍ കുളത്തിലിറങ്ങിയത്. ഇരുവരും നീന്താന്‍ ശ്രമിക്കുന്നതിനിടെ കുളത്തിലെ ചണ്ടിയില്‍ കുരുങ്ങുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു.