പാലക്കാട്:കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ സമൂഹ വ്യാപനത്തിന് സാധ്യത കൂട്ടുന്നതായി മന്ത്രി എ കെ ബാലൻ. കഴിഞ്ഞ നാല് ദിവസത്തിനിടെ 33 പേർക്കാണ് പാലക്കാട് രോഗം സ്ഥിരീകരിച്ചത്. ഇതിൽ വാളയാറിലെ രണ്ട് ആരോഗ്യപ്രവർത്തകർ കൂടി ഉൾപ്പെട്ടതാണ് സമൂഹ വ്യാപന സാധ്യതയെ കുറിച്ചുള്ള ആശങ്ക ഉയരാൻ കാരണം.
പാലക്കാട് കൊവിഡ് സമൂഹ വ്യാപന ഭീതിയെന്ന് മന്ത്രി എ .കെ ബാലൻ ഏറ്റവും കൂടുതൽ രോഗവ്യാപന സാധ്യതയുള്ള ജില്ലയാണ് പാലക്കാട്. പ്രവാസികളെ പോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെയും നിരീക്ഷിക്കാൻ സാധിക്കില്ല. പല വഴികളിലൂടെയും സംസ്ഥാന അതിർത്തികൾ കടന്ന് ആളുകൾ എത്തുന്നുണ്ട്. ഇതോടൊപ്പം ചില സന്നദ്ധ സംഘടനകൾ സ്വന്തംനിലയ്ക്ക് കൊണ്ടുവരുന്നവർ സർക്കാർ നിർദേശം പാലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.നിർദേശങ്ങൾ മറികടന്ന് പലരും പുറത്തിറങ്ങുന്നുണ്ട്. ഇത് സമൂഹ വ്യാപനം ഉണ്ടാക്കും. അങ്ങനെ വന്നാൽ കേരളത്തിൽ ആദ്യം സമൂഹ വ്യാപനത്തിലേക്ക് കടക്കുന്ന ജില്ലയായി പാലക്കാട് മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ സാഹചര്യം തടയാനാണ് മുപ്പത്തിയൊന്നാം തീയതി വരെ ജില്ലയിൽ 144 പ്രഖ്യാപിച്ചത്. ഇത് ജനങ്ങൾ കർശനമായി പാലിക്കണമെന്നും നിരോധനാജ്ഞ നീട്ടുന്ന കാര്യം 31ന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.