പാലക്കാട്: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാനോട് സർക്കാർ അനീതി കാണിച്ചെന്ന ആരോപണവുമായി കുടുംബം. അട്ടപ്പാടി അഗളി കുന്നൻചാള ഊരിലെ വി. വാസുദേവൻ എന്ന ജവാന്‍റെ കുടുംബത്തോട് നീതി കാണിച്ചില്ലെന്ന ആരോപണമാണ് ഇപ്പോൾ കുടുംബം ഉയർത്തുന്നത്.
ജവാനോട് സർക്കാർ അനീതി കാണിച്ചെന്ന ആരോപണവുമായി കുടുംബം സർവ്വീസിലിരിക്കെ നാടിനു വേണ്ടി മരണം വരിച്ച വാസുദേവന്‍റെ കുടുംബത്തിന് ആകെ ലഭിച്ചത് 12000 രൂപ നഷ്ടപരിഹാരം മാത്രമാണ്. ആശ്രിതരായ ആർക്കും സർക്കാർ ജോലി ലഭിച്ചതുമില്ല. മകൻ വാസുദേവന്‍റെ ഓർമ്മകൾ നിലനിർത്തുന്നതിന് വേണ്ടി വീരപ്പതേവർ തനിക്ക് ലഭിച്ച പെൻഷൻ തുക സ്വരൂപിച്ചും കൈവശമുണ്ടായിരുന്ന സ്ഥലത്തിന്‍റെ ഒരു ഭാഗം വിറ്റ് കിട്ടിയ പണം ചേർത്തുകൊണ്ടും ഒരു സ്മാരക മന്ദിരവും കല്ലറയും കെട്ടിയിട്ടുണ്ട്.
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് തങ്ങളുടേതെന്നും ഇതിനു വേണ്ടി ഏതൊക്കെ ഓഫീസുകളിൽ കയറി ചെല്ലണമെന്ന അറിവ് ഉണ്ടായിരുന്നില്ലെന്നും ഇനിയിപ്പോൾ ഗവൺമെന്‍റിന്‍റെ ഔദാര്യത്തിനായി കാത്തു നിൽക്കുന്നില്ലെന്നും വീരപ്പതേവർ പറയുന്നു. മകൻ മരിച്ച് പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാത്ത സർക്കാരുകൾ ജവാന്മാരുടെ ആത്മവീര്യമാണ് ഇല്ലാതാക്കുന്നതെന്നും വീരപ്പതേവർ പറയുന്നു.
വീരപ്പതേവരുടെയും പച്ചിയമ്മയുടെയും രണ്ട് മക്കളിൽ ഇളയവനായിരുന്നു വാസുദേവൻ. 1987ൽ തന്‍റെ പത്തൊമ്പതാം വയസിലാണ് വാസുദേവൻ സേനയുടെ ഭാഗമാകുന്നത്. കശ്മീർ അതിർത്തിയിൽ 2002 ലുണ്ടായ വെടിവെപ്പിലാണ് വീരമൃത്യു വരിച്ചത്.