തിരുവനന്തപുരം/പാലക്കാട്:വാളയാർ സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയിൽ കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകള്‍ സിബിഐ സമർപ്പിച്ചു.
വാളയാർ കേസ് സിബിഐ ഏറ്റെടുത്തു - വാളയാർ കേസ്
10:46 April 01
പാലക്കാട് പോക്‌സോ കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത സഹോദിരമാരുടെ മരണത്തിൽ നാല് പ്രതികള്‍ക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യ പ്രേരണ, പോക്സോ വകുപ്പുകള്‍ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസ് സിബിഐക്ക് വിട്ട് സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വൈകി. ഇതേ തുടർന്ന് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയും കേസെടുക്കാൻ സിബിഐക്ക് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് കേസിൽ സിബിഐ തുടർ നടപടികൾ ആരംഭിച്ചതും എഫ്ഐആർ സമർപ്പിച്ചതും.
കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണക്കിടെ പ്രതിയായ ചേർത്തല സ്വദേശി പ്രദീപ് ആത്മഹത്യ ചെയ്തു. കേസിൽ എം.മധു എന്ന പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകി. വി.മധു, ഷിബു എന്നീ പ്രതികള്‍ ജയിലാണ്. പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ ഹോമിലുമാണ്. പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഉൾപ്പെടെ മറ്റ് നാലു പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുവിട്ടതോടെയാണ് കേസ് പൊതുസമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
പ്രോസിക്യൂഷന്‍റെയും അന്വേഷണ സംഘത്തെയും വീഴ്ചയാണ് ഇതിനു പിന്നിലെന്നാണ് പെൺകുട്ടികളുടെ അമ്മയും സമരസമിതിയും ആരോപിക്കുന്നത്. പ്രതികൾക്കുള്ള സിപിഎം ബന്ധവും പെൺകുട്ടികളുടെ അമ്മ ചൂണ്ടിക്കാണിച്ചിരുന്നു. ഇരു സഹോദരിമാരും ക്രൂരമായ ലൈംഗിക അതിക്രമത്തിന് നിരവധി തവണ വിധേയമായിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സിബിഐ ചോദ്യം ചെയ്യും. കേസ് നിലവിൽ അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചു കഴിഞ്ഞു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.