പാലക്കാട്: ബസ് യാത്രികയുടെ മാലപൊട്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്‌ടാക്കളായ യുവതികളെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്‌റ്റു ചെയ്‌തു. തമിഴ്‌നാട് ദിണ്ടിക്കൽ പാറപ്പെട്ടി സ്വദേശികളായ സന്ധ്യ (22), കാവ്യ (24) എന്നിവരെയാണ് അറസ്‌റ്റു ചെയ്‌തത്. ചൊവ്വാഴ്‌ച പകൽ ബസിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തച്ചൻകോട് സ്വദേശിനിയുടെ രണ്ടുപവൻ സ്വർണമാലയാണ് ഇരുവരും മോഷ്‌ടിച്ചത്.
മാലപൊട്ടിച്ചത് അറിഞ്ഞ യാത്രക്കാരി ബഹളം വച്ചതോടെ മാല ബസിൽ ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷെ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു. പേരും വിവരവും പലതവണ മാറ്റി പറയുന്നവരായിരുന്നു പ്രതികൾ. ചോദ്യം ചെയ്യലിൽ മാല മോഷ്‌ടിച്ചത് സമ്മതിച്ചു.