പാലക്കാട്: അന്തർ സംസ്ഥാന പാതയായ അട്ടപ്പാടി മുള്ളി-മഞ്ചുർ- ഊട്ടി റോഡ് തമിഴ്‌നാട് വനംവകുപ്പ് അടച്ചിട്ടിട്ട് ഒന്നര മാസം പിന്നിടുന്നു. കഴിഞ്ഞ ഫെബ്രുവരി 22നാണ് മുന്നറിയിപ്പൊന്നുമില്ലാതെ മുള്ളി അതിർത്തിയിലെ ചെക്ക്പോസ്റ്റ് തമിഴ്‌നാട് അടച്ചത്. ഇതോടെ ആളുകൾക്ക് സഞ്ചരിക്കണമെങ്കിൽ 110 കിലോമീറ്ററോളം ചുറ്റിവേണം എന്ന അവസ്ഥയാണ്.
മുള്ളി, മഞ്ചൂർ വഴി ഊട്ടിയിലേക്ക് 80 കിലോമീറ്റർ മാത്രമാണ് ദൂരം. മാത്രമല്ല ഹെയർപിൻ വളവുകളും തേയില തോട്ടങ്ങളും വനപ്രദേശങ്ങളും വന്യമൃഗങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ ധാരാളം വിനോദ സഞ്ചാരികൾ ഇതുവഴിയാണ് യാത്ര ചെയ്‌തിരുന്നത്. ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത് മൂലം കാട്ടാനകളുടെ സ്വതന്ത്ര സഞ്ചാരം തടസപ്പെടുന്നുവെന്ന കാരണം പറഞ്ഞ് തമിഴ്‌നാട് വനംവകുപ്പ് വഴിയടച്ചതോടെ ഈ അതിർത്തി പ്രദേശത്തിന് സമീപത്തെ കേരള ഗ്രാമങ്ങളിലുള്ളവർ ദുരിതത്തിലായി.
ചാവടിയൂർ, ഇലച്ചിവഴി, ചുണ്ടപ്പെട്ടി, മുള്ളി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ യാത്രയാണ് പ്രധാനമായും ദുരിതത്തിലായിരിക്കുന്നത്. ഇവരുടെ ബന്ധുക്കളും കൃഷിയിടങ്ങളും കാരമാട, മേട്ടുപാളയം, കുന്താ, പില്ലൂർ എന്നീ സ്ഥലങ്ങളിലുണ്ട്. നിലവിൽ തമിഴ്‌നാട് ചെക്ക്പോസ്റ്റിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവരെ മാത്രമാണ് മുള്ളിയിൽ സ്ഥിര താമസമാണെന്ന് തെളിയിക്കുന്ന രേഖകൾ കാണിച്ചാൽ പോകാൻ അനുവദിക്കുക.
വിനോദ സഞ്ചാര സാധ്യതകൾ പരിഗണിച്ച് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 133 കോടി രൂപ ചിലവിൽ താവളം മുള്ളി റോഡി നവീകരണ പ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് തമിഴ്‌നാട് ഇതുവഴിയുള്ള യാത്ര തടഞ്ഞിരിക്കുന്നത്. റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെങ്കിലും യാത്ര നിരോധനം തുടരുന്നതിനാൽ കർഷകരും, വ്യാപാരികളും, പ്രദേശവാസികളും ആശങ്കയിലാണ്.
ഇരു സംസ്ഥാനത്തെയും സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേരളത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ സമീപനം വളരെ അനുകൂലമാണെന്നതാണ് പ്രതീക്ഷ നൽകുന്നത്. എന്നാൽ ഇത് അത്തരത്തിൽ ഒരു വിഷയമായി ഉയർന്നു വരുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.