പാലക്കാട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഇല്ലെന്ന് സ്വപ്‌ന സുരേഷ്. എല്ലാ കാര്യങ്ങളും രഹസ്യമൊഴിയിലുണ്ട്. ഇനിയും ഏറെ പറയാനുണ്ട്. എന്നാല്‍ രഹസ്യമൊഴി ആയതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും സ്വപ്‌ന പറഞ്ഞു.
'തനിക്ക് ഭീഷണി':വെളിപ്പെടുത്തല്‍ പ്രതിച്ഛായ ഉണ്ടാക്കാനല്ല. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും ഭീഷണിയാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണം ആവർത്തിച്ച സ്വപ്‌ന, കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അതിന്‍റെ തോതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ആര് മുഖ്യമന്ത്രി ആയാലും തനിക്ക് പ്രശ്‌നമില്ല. വ്യക്തിപരമായി തനിക്കൊന്നും നേടാനില്ല. വ്യക്തികള്‍ എന്ന നിലയിലാണ് ഇവര്‍ക്കെതിരെയുള്ള കാര്യങ്ങള്‍ പറയുന്നത്. തന്‍റെ വെളിപ്പെടുത്തലിനെ രാഷ്ട്രീയമായി ഉപയോഗിക്കരുത്. തന്‍റെ രഹസ്യമൊഴി സ്വകാര്യലാഭത്തിനായി ഉപയോഗിക്കരുതെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. തനിക്ക് ഇപ്പോഴും ഭീഷണിയുണ്ട്. അതിനാലാണ് രഹസ്യമൊഴി നല്‍കിയത്. തനിക്ക് ജോലി തന്ന സ്ഥാപനത്തിനും ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്.
'വ്യക്തിപരമായ അജണ്ടയില്ല':ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ ഭാര്യയും മകളുമടക്കം ഇപ്പോഴും സുരക്ഷിതമായി എല്ലാ ആഡംബരങ്ങളും ആസ്വദിച്ച് ജീവിക്കുകയാണ്. താന്‍ മാത്രമാണ് പ്രശ്‌നം നേരിടുന്നത്. തനിക്ക് വ്യക്തിപരമായ ഒരു അജണ്ടയുമില്ല. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടു.