പാലക്കാട് :സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ പാലക്കാട്ടെ വിജിലൻസ് സംഘം ചോദ്യം ചെയ്യാന്‍ കൊണ്ടുപോയതിനെതിരെ സ്വപ്‌ന സുരേഷ്. തന്‍റെ പാലക്കാട്ടെ ഫ്ലാറ്റില്‍ നിന്നും സരിത്തിനെ തട്ടിക്കൊണ്ട് പോവുകയാണുണ്ടായത്. യൂണിഫോമോ ഐ.ഡി കാര്‍ഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് സരിത്തിനെ പിടിച്ചുവലിച്ച് കൊണ്ടുപോയതെന്ന് അവര്‍ പറഞ്ഞു.
ബുധനാഴ്‌ച രാവിലെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയച്ചു. ഈ മാസം 16 ന് തിരുവനന്തപുരത്ത് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. അതേസമയം, ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്. ആരൊക്കെയോ വന്ന് പട്ടാപ്പകല്‍ ഒരു വെള്ള സ്വിഫ്റ്റ് കാറിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പൊലീസെന്നാണ് അവര്‍ അവകാശപ്പെട്ടത്. നാല് പേരടങ്ങിയ സംഘമാണ് വെള്ള സ്വിഫ്റ്റ് കാറില്‍ പാലക്കാട്ടെ ഫ്ലാറ്റിലെത്തിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇവരാണ് സരിത്തിനെ കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ''എന്‍റെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സരിത്തിന്‍റെയും പേരിലുള്ള ഭീഷണി ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായോ. പാലക്കാട്ടെ എന്‍റെ ഫ്ലാറ്റില്‍ നിന്നാണ് സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ട് പോയത്''. ബുധനാഴ്‌ച രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
'ഇനി അടുത്ത ടാര്‍ഗറ്റ് ഞാന്‍':സി.സി.ടി.വിയും സെക്യൂരിറ്റിയുമുള്ള സ്റ്റാഫ് അക്കമഡേഷനില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയിരിക്കുകയാണ്. അതും പട്ടാപ്പകല്‍. അതായത് ഇനി അടുത്ത ടാര്‍ഗറ്റ് ഞാനാണ്. ഈ ഗുണ്ടായിസം നിര്‍ത്തണം. പ്ലീസ്. സത്യം മാത്രമേ ഞാന്‍ പറയുന്നുള്ളൂ. എന്നെ സഹായിക്കണം. ആര്‍ക്കും ആരെയും പട്ടാപ്പകല്‍ എന്തും ചെയ്യാം കേരളത്തില്‍. എന്‍റെ വീട്ടില്‍ നിന്ന് പട്ടാപ്പകലാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്.