പാലക്കാട്: കൊവിഡ് എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോൾ കേരളം പല രൂപത്തിലാണ് പ്രതീക്ഷയാകുന്നത്. സൈക്കിൾ വാങ്ങാനും കളിപ്പാട്ടം വാങ്ങാനും സൂക്ഷിച്ചിരുന്ന പണം നാടിന്‍റെ പ്രതിരോധത്തിന് നല്‍കുന്ന വാർത്തകൾ വരുമ്പോൾ കൂറ്റനാട് വട്ടേനാട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അഭിനവിന്‍റെ മനസും നാടിനൊപ്പമായിരുന്നു.
ആറാം ക്ലാസുകാരന്‍റെ നന്മയ്ക്ക് ഇരട്ടി മധുരം തിരിച്ചുനല്‍കി കൂറ്റനാട് ഗ്രാമം
സൈക്കിൾ വാങ്ങാനായി സൂക്ഷിച്ച 15100 രൂപയാണ് ആറാം ക്ലാസ് വിദ്യാർഥിയായ അഭിനവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇതറിഞ്ഞ കൂറ്റനാട്ടെ വ്യാപാരികൾ അഭിനവിനും സഹോദരനും സൈക്കിൾ സമ്മാനമായി വാങ്ങി നൽകി.
കൊവിഡ് 19 ബോധവൽകരണത്തിന്‍റെ ഭാഗമായി ചാലിശേരി ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാറും രതീഷും വീട്ടിലെത്തിയപ്പോൾ അഭിനവ് തന്‍റെ ആഗ്രഹം അറിയിച്ചു. അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ലഭിച്ചതും വിഷുകൈനീട്ടമായി ലഭിച്ചതും ചേർത്ത് 15100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഭിനവ് കൈമാറി. സംഭവം വാർത്തയായതോടെ സഹായത്തെപ്പറ്റി പൊലീസ് ഓഫീസർമാർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ അഭിനന്ദനം അറിയിച്ചതോടെ കൂറ്റനാട് ഗ്രാമവും അഭിമാനത്തിലായി. സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം നാടിന് നല്‍കിയ കുരുന്നുകൾക്ക് കൂറ്റനാട്ടെ വ്യാപാരികൾ സൈക്കിൾ സമ്മാനമായി നൽകിയതോടെ സ്നേഹം ഇരട്ടിയായി തിരികെ ലഭിച്ചു. കൂറ്റനാട് കാരാത്ത് താഴത്തേതിൽ വീട്ടിൽ ഹരിദാസിന്‍റെ മക്കളാണ് അഭിനവും അനിരുദ്ധും.