പാലക്കാട് : പാലക്കാട് നഗരത്തിലെ മീൻ മാർക്കറ്റില്‍ തൊഴിലാളിയെ തെരുവ് നായ ആക്രമിച്ചു. പട്ടാണിത്തെരുവ് സ്വദേശി ഷംസുദ്ദീനാണ് നായയുടെ കടിയേറ്റത്. ഇന്ന് (10-9-2022) പുലർച്ചെ നാലരയോടെ മാർക്കറ്റിൽ ജോലി ചെയ്യുന്നതിനിടെ ഷംസുദ്ദീന്‍റെ കാലിലാണ് നായ കടിച്ചത്.
ഉടൻ ജില്ല ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പ് എടുത്തു. ഷംസുദ്ദീനെ കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കും. മീൻ മാർക്കറ്റിലും പരിസരങ്ങളിലും 30ലധികം നായകളുണ്ട്.
തെരുവ് നായ ആക്രമിക്കുന്നതിന്‍റെ ദൃശ്യം ഇവ പലപ്പോഴും അക്രമ സ്വഭാവം കാണിക്കാറുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. മീൻ വാങ്ങാനെത്തുന്ന ആളുകളെയും നായകള്‍ ആക്രമിക്കുന്നത് പതിവാണ്. നഗരത്തിൽ പലയിടത്തും തെരുവ് നായ ശല്യം അതിരൂക്ഷമാണ്.
ഒരു മാസം മുമ്പ് ഹെഡ്പോസ്‌റ്റ് ഓഫിസിന് സമീപത്ത് വച്ച് യുവാവിന് നായയുടെ കടിയേറ്റിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. നായകളെ പേടിച്ച് രാത്രിയിൽ നഗരത്തിൽ കാൽനടയാത്രയ്ക്ക് ആരും തയ്യാറാകുന്നില്ല.
ഇരുചക്രവാഹന യാത്രികരെ നായ ആക്രമിക്കുന്നതും നായ കുറുകെ ചാടി വാഹനങ്ങൾ അപകടത്തില്‍പ്പെടുന്നതും പതിവാണ്. വിഷയത്തിൽ നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നഗരത്തിൽ പലയിടത്തും മാലിന്യകൂമ്പാരമുള്ളതാണ് നായകൾ പെറ്റുപെരുകാരൻ കാരണം. മാലിന്യം നീക്കാൻ നഗരസഭ ഇടപെടാത്തതും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.