പാലക്കാട്: സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജില്ല കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം നടന്ന് 74-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊട്ടേക്കാട് കുന്നങ്കാട് ജങ്ഷനില്‍ ബാലഗോകുലത്തിന്‍റെ ഫ്ലക്‌സ് വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. 304 പേജുള്ള കുറ്റപത്രത്തില്‍ 12 പ്രതികളാണുള്ളത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ കുന്നങ്കാട് സ്വദേശികളായ ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർഥൻ, സുജീഷ്, സതീഷ്, എസ് വിഷ്‌ണു, സുനീഷ് , ജിനേഷ്, ബിജു, കല്ലേപ്പുള്ളി സ്വദേശി ആവാസ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും പിടിയിലായിട്ടുണ്ട്. എല്ലാവരും റിമാന്‍ഡില്‍ തുടരുകയാണ്. ഓഗസ്റ്റ് 14ന് രാത്രിയാണ് സിപിഐഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാൻ കൊല്ലപ്പെട്ടത്.