പാലക്കാട്:ശിവസേന മുൻ ജില്ലാ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് പത്തുവർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി. സൈതലവിയാണ് ശിക്ഷ വിധിച്ചത്.
പനമണ്ണ അലിക്കൽ ഖാലിദ് (44), തൃക്കടീരി കീഴൂർ റോഡ് വളയങ്ങാട്ടിൽ മുഹമ്മദ് മുനീർ (31), തൃക്കടീരി കിഴൂർ റോഡ് കണക്കഞ്ചേരി അൻസാർ അഹമ്മദ് (36), അമ്പലവട്ടം പനമണ്ണ പള്ളിപ്പടി തറയിൽ അബ്ദുൾ മനാഫ് (38), അമ്പലവട്ടം പനമണ്ണ പുത്തൻപുരയ്ക്കൽ ഫിറോസ് (45), തൃക്കടീരി അത്തിക്കോടൻ വീട്ടിൽ യൂനസ് (36), പിലാത്തറ പുത്തൻ പീടികയിൽ റഫീഖ് (പീക്കു റഫീഖ്- 41) എന്നിവരയാണ് ശിക്ഷിച്ചത്.
2013 ഡിസംബർ 17ന് വൈകിട്ട് 8.45 ഓടെയാണ് കേസിനാസ്‌പദമായ സംഭവം. അന്ന് ശിവസേന ജില്ലാ നേതാവയിരുന്ന കോതകുറുശ്ശി കിഴക്കേതിൽ പ്രസാദിനെ (52) കോതകുറുശ്ശി സെൻ്ററിൽ വെച്ച് വെട്ടി കൊല്ലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. വടിവാൾ, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചത്. മാരകമായി പരിക്കേറ്റ പ്രസാദ് ദീർഘകാലം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ALSO READ:ചിൽഡ്രൻസ് ഹോമിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം ; യുവാക്കള്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മൊഴി
ശിവസേന, എസ്.ഡി.പി.ഐ രാഷട്രീയ തർക്കം ആക്രമണങ്ങളിലേക്ക് നയിച്ചുവെന്നാണ് കേസ്. പ്രതികളിൽ അൻസാർ അഹമ്മദ്, അബ്ദുൾ മനാഫ് എന്നിവരെ പനമണ്ണ ചക്കിയാവിൽ വിനോദിനെ (32) കൊലപ്പെടുത്തുകയും സഹോദരൻ സ്വത്ത് രാമചന്ദ്രനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കഴിഞ്ഞ ദിവസം ജീവപര്യന്തം തടവിനു ശിക്ഷിച്ചിരിന്നു.
കേസിൽ പത്തു പ്രതികളാണുള്ളത്. ഇതിൽ അമ്പലവട്ടം പനമണ്ണ തറയിൽ ഇല്യാസ് (36), ചെറുപ്പുളശ്ശേരി എലിയപറ്റ നമ്പിറ്റികളം അബാസ് (39), ചെറുപ്പുളശ്ശേരി എലിയപറ്റ ഏനാത്ത് വീട്ടിൽ മുഹമ്മദ് ഷാഫി (37) എന്നിവർ ഒളിവിലാണ്. പ്രതികൾക്ക് മറ്റുവിവിധ വകുപ്പുകളിലായി 10 വർഷം കൂടി കഠിന തടവും വിധിച്ചു. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതി.
ഒറ്റപ്പാലം സി.ഐമാരായിരുന്ന കെ.എം ദേവസ്യാ, വി.എസ് ദിനരാജ്, കെ.ജി സുരേഷ്, എം.വി മണികണ്ഠൻ എന്നിവരുടെ നേതൃത്ത്വലിലായിരുന്നു അന്വേഷണം. കേസിൽ 25 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും തെളിവുകളും പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ ഹരി ഹാജരായി. പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.