പാലക്കാട് :എലപ്പുള്ളിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്‍റ് കുത്തിയതോട് സ്വദേശി സുബൈർ(47) ആണ് മരിച്ചത്. കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
പള്ളിയിൽ നിസ്ക്കാരം കഴിഞ്ഞ് ബൈക്കിൽ ഉപ്പയുമായി മടങ്ങുകയായിരുന്ന സുബൈറിനെ രണ്ട് കാറുകളിലായി എത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം അതിക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സുബൈറിനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം സഞ്ചരിച്ച പിതാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മുമ്പ് ഇവിടെ നടന്ന സഞ്ജിത്ത് വധവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ബിജെപി നേതാവ് സഞ്ജിത്ത് കൊലപ്പെട്ട പ്രദേശത്താണ് കൊലപാതകം നടന്നത്. ആര്‍എസ്എസ്-എസ്‌ഡിപിഐ സംഘര്‍ഷം നിലനില്‍ക്കുന്നയിടമാണ് ഇവിടം. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ കൊലപാതകം എന്നും ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.
സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്‍റെ ഭാഗമാണ് ഈ കൊലപാതകം. ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിന് വേണ്ടി ആര്‍.എസ്.എസ് മാറ്റിവച്ചിരിക്കുന്നുവെന്നാണ് ഈ കൊലപാതകം തെളിയിക്കുന്നത്. ആര്‍എസ്എസിന്‍റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് പ്രോത്സാഹനമാവുകയാണെന്നും എസ്‌ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്‌മാന്‍ പറഞ്ഞു.
സംഭവത്തിൽ രാഷ്ട്രീയ വൈരാഗ്യം ആണോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അക്രമി സംഘം ഉപയോഗിച്ച ഒരു കാർ കുത്തിയതോട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇയോൺ കൈറും ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറിലുമാണ് അക്രമി സംഘം എത്തിയത്.
ഇതിൽ ഇയോൺ കാറാണ് ഉപേക്ഷിച്ചത്. ഈ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം.സംഭവത്തില്‍ പ്രതിഷേധവുമായി മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ രംഗത്തെത്തി. വിഷു ദിനത്തിൽ ഇത്തരമൊരു ആക്രമണം അപലപനീയമാണെന്നും സംഘര്‍ഷം വ്യാപിക്കാതിരിക്കാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്നും എംഎൽഎ വ്യക്തമാക്കി.