പാലക്കാട് :ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. കൽപ്പാത്തി ശംങ്കുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാൽ ( 22), റിയാസുദ്ദീൻ (35), മുഹമ്മദ് റിസ്വാൻ (20), പുതുപ്പരിയാരം ഇന്റസ്ട്രിയൽ എസ്റ്റേറ്റ് താഴെമുരളി പരപ്പത്ത് തൊടി സ്വദേശി സഹദ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഇതിൽ മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊല്ലാനായി സംഭവ സ്ഥലത്ത് പോയവരുമാണ്. ആറംഗ സംഘം കൊല നടത്തുമ്പോൾ ഇവർ രണ്ട് പേരും ശ്രീനിവാസന്‍റെ കടയ്ക്ക് സമീപം തന്നെയുണ്ടായിരുന്നു. മുഹമ്മദ് റിസ്വാനും സഹദും ജില്ല ആശുപത്രി മോർച്ചറിയ്ക്ക് പുറകിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തവരണ്. നാല് പേരെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
ആകെ 16 പ്രതികളെയാണ് തിരിച്ചറിഞ്ഞത് :ഇതിൽ നാലുപേരാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. വിഷുദിവസം കൊല്ലപ്പെട്ട സുബൈറിന്‍റെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ എത്തിച്ച അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽവച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് പ്രവർത്തകർ ഗൂഢാലോചന നടത്തിയത്.