പാലക്കാട്: പാഴ്‌വസ്തുക്കളിൽ നിന്നും ശില്‍പ വിസ്‌മയങ്ങള്‍ തീർത്ത മലമ്പുഴയിലെ റോക്ക് ഗാർഡൻ കാൽ നൂറ്റാണ്ടിലേക്ക്. പഴയ കെട്ടിടങ്ങൾ പൊളിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന പാഴ്വസ്തുക്കൾ പരിസ്ഥിതിക്ക് വലിയ നാശമാണ് ഉണ്ടാക്കുക. എന്നാൽ ഉപയോഗശൂന്യമായ ഇത്തരം വസ്തുക്കൾ എങ്ങനെയാണ് മണ്ണിന് ഭാരമാകാതെ കണ്ണിനു കുളിർമയുള്ള ശിൽപങ്ങളായി മാറ്റുക എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മലമ്പുഴയിലെ റോക്ക് ഗാർഡൻ. ഓട്, ഇഷ്ടിക, സെറാമിക് പാത്രങ്ങൾ, മാർബിൾ തുടങ്ങി ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഗാർഡനിലെ ശിൽപങ്ങൾ ഓരോന്നും നിർമ്മിച്ചിട്ടുള്ളത് എന്നതാണ് ഇവിടുത്തെ സവിശേഷത.
പാഴ്‌വസ്തുക്കളിൽ നിന്നും ശില്‍പ വിസ്മയം തീർത്ത് റോക്ക് ഗാർഡൻ
ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഗാർഡനിലെ ശിൽപങ്ങൾ ഓരോന്നും നിർമ്മിച്ചിട്ടുള്ളത് എന്നതാണ് ഇവിടുത്തെ സവിശേഷത.
1994 ൽ പഞ്ചാബ് സ്വദേശിയായ നേക് ചന്ദ് സൈനിക് എന്ന പ്രശസ്ത ശിൽപിയുടെ നേതൃത്വത്തിലാണ് റോക്ക് ഗാർഡൻ നിർമ്മിച്ചത്. സൈനിക് രാജ്യത്തുടനീളം ഇത്തരം ശിൽപ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ചണ്ഡീഗഡിൽ 18 ഏക്കർ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന റോക്ക് ഗാർഡനും നേക് ചന്ദിന്‍റെ കരവിരുതിനാൽ രൂപം കൊണ്ടതാണ്. മാതൃകാപരമായ ഇത്തരം ഇടപെടലിന് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിന് സമീപം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ കീഴിലാണ് റോക്ക് ഗാർഡൻ പ്രവർത്തിക്കുന്നത്.
രണ്ട് ഏക്കർ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ശിൽപ വിസ്മയം കാഴ്ചയ്ക്ക് മാത്രമല്ല പരിസ്ഥിതിയെ കുറിച്ചുള്ള മാതൃകാപരമായ കാഴ്ചപ്പാട് കൂടിയാണ് മുന്നോട്ട് വെക്കുന്നത്. എന്നാൽ പാരിസ്ഥിതിക നാശം വെല്ലുവിളിയായി മാറുന്ന കാലത്ത് മലമ്പുഴ ഡാമിലും പരിസരപ്രദേശങ്ങളിലും എത്തുന്ന സഞ്ചാരികളിലേക്ക് റോക്ക് ഗാർഡന്‍റെ പ്രാധാന്യം വേണ്ടത്ര എത്തിക്കാൻ കഴിയാതെ പോകുന്നു എന്നത് പോരായ്മയാണ്.