പാലക്കാട്: പുതൂരിലെ പൊതുശ്മശാനത്തിൽ പട്ടികജാതി വിഭാഗത്തിൽ പെട്ടവരെ വിലക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. പൊതു ശമ്ശാനത്തിന് മുന്നിൽ പൊതുയോഗവും സംഘടിപ്പിച്ചു. 'ഗാന്ധിയെ മറക്കരുത്, ഇന്ത്യ തോൽക്കരുത്' എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്‍റുമായ പിഎസ് സുമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ നവോത്ഥാന ബോധത്തിനേറ്റ മുറിവാണ് പുതൂരിലെ ശ്മശാന വിഷയമെന്ന് പിഎസ് സുമോദ് പറഞ്ഞു. റവന്യൂ രേഖകളിൽ പുറമ്പോക്ക് പരിധിയിൽപെട്ട ശ്മശാനത്തിൻ മേൽ അധികാരം സ്ഥാപിക്കാൻ ആർക്കും അവകാശമില്ലെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.
പുതൂർ ശ്മശാനത്തിൽ പട്ടികജാതി വിഭാഗക്കാരെ വിലക്കിയ സംഭവം ; ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു - പട്ടികജാതി
കേരളത്തിന്‍റെ നവോത്ഥാന ബോധത്തിനേറ്റ മുറിവാണ് പുതൂരിലെ ശ്മശാന വിഷയമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് പിഎസ് സുമോദ്.
സ്വകാര്യ ഭൂമിയാക്കി ശ്മശാനത്തെ മാറ്റുവാനുള്ള ശ്രമം നടത്തുന്നവരെയും, പട്ടികജാതിയിൽ പെട്ട ശകുന്തള മരിച്ചപ്പോൾ അടക്കം ചെയ്യാൻ സമ്മതിക്കാതെ മർദ്ദിച്ചവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്നും യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. പൊതുയോഗത്തിനു ശേഷം ശ്മശാനത്തിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ശ്മശാനത്തിനു മുന്നിൽ കൊടി നാട്ടുകയും ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്തു.
ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്‍റ് ജെയ്‌സൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി കെ.വി. അനീഷ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മനോജ് നന്ദിയും പറഞ്ഞു. എകെഎസ് ജില്ലാ സെക്രട്ടറി രാജൻ, പുതൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുഹമ്മദ് ബഷീർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.