പാലക്കാട്:രണ്ട് മാസം മുൻപ് വരെ പാലക്കാട് നഗരത്തോട് ചേർന്നുള്ള ധോണി എന്ന കാർഷിക ഗ്രാമത്തിന്‍റെ പേടി സ്വപ്‌നമായിരുന്നു പി ടി 7 എന്ന കൊമ്പൻ. ശല്യം രൂക്ഷമായപ്പോൾ കാട്ടുകൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി വനംവകുപ്പ് ഏറ്റെടുത്തു. പിടി 7 എന്ന പേര് മാറ്റി ധോണി എന്നാക്കിയ കൊമ്പൻ ഇപ്പോൾ പാപ്പാന്മാരുടെ ചട്ടങ്ങൾ കേട്ട് അനുസരിക്കുന്ന ശാന്തനാണ്.
ധോണി ഫോറസ്റ്റ് ക്യാമ്പിലെ കൂട്ടിലാണ് പി ടി 7നെന്ന ധോണി നിലവിലുള്ളത്. കാട്ടാനയെ പിടികൂടിയ ശേഷം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ആനയ്ക്ക് ധോണിയെന്ന പേര് നൽകിയത്. കാട്ടാനയെ പരിശീലിപ്പിക്കാനായി വനം വകുപ്പ് ചുമതലയേൽപ്പിച്ചതും രണ്ട് യുവ പാപ്പാന്മാരെയാണ്. തമിഴ്‌നാട് സ്വദേശികളായ മധുവിനും മണികണ്‌ഠനുമാണ് ധോണിയുടെ ചുമതല.
അനുസരണയോടെ പി ടി 7: കൂടിനുള്ളിൽ രാവിലെയും വൈകിട്ടും നാലു മണിക്കൂറാണ് ധോണിയെ പരിശീലിപ്പിക്കുന്നത്. പാപ്പാൻമാരോട് നന്നായി ഇണങ്ങിയ ആന അവർ പറഞ്ഞാൽ ഇരിക്കുകയും എഴുന്നേൽക്കുകയും കിടക്കുകയും വടി കൊണ്ട് തൊട്ടാൽ കാല് ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യും. രാത്രിയിൽ പാപ്പാന്മാരെ കാണാതായാൽ പ്രത്യേക ശബ്‌ദമുണ്ടാക്കുന്ന ആന, പാപ്പാൻമാരുടെ ധോണിയെന്ന വിളിയോടെ ശാന്തനായി നിന്ന് ഉറങ്ങും.
നാല് നേരം ഹോസിലൂടെ വെള്ളം ചീറ്റി കുളിപ്പിക്കുമെങ്കിലും തനിയെ ഹോസിലെ വെള്ളമെടുത്ത് കുളിക്കാനും ധോണിക്ക് ഇഷ്‌ടമാണ്. വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫിസർ അരുൺ സക്കറിയയുടെ നിർദേശ പ്രകാരമുള്ള ഭക്ഷണവും മരുന്നുമാണ് ആനക്ക് നൽകുന്നത്. ദിവസവും 150-200 കിലോ ഇളം പുല്ല്, ഒരു കിലോ റാഗി, ഗോതമ്പ്, രണ്ട് കിലോ അരി, ചെറുപയർ, മുതിര എന്നിവ 500 ഗ്രാം കഴിക്കും.
കരിമ്പാണ് ധോണിയുടെ ഇഷ്‌ട ഭക്ഷണം. കരിമ്പ് നൽകിയാണ് പാപ്പാൻമാർ ധോണിയെ മെരുക്കിയത്. വിശന്നാൽ ധോണി തുമ്പികൈ പാപ്പാന്മാർക്ക് നേരെ നീട്ടും. പാപ്പാന്മാർ തൊട്ട് തലോടുമ്പോൾ അനുസരണയുള്ള കുട്ടിയായി ധോണി മാറും. ഒന്ന് രണ്ട് മാസത്തിനുള്ളിൽ ധോണിയെ കൂട്ടിൽ നിന്ന് ഇറക്കാനാകുമെന്ന വിശ്വാസത്തിലാണ് പാലക്കാട് ഡിഎഫ്‌ഒ കുറ ശ്രീനിവാസ്.